പുറന്പോക്ക് കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി
1489903
Wednesday, December 25, 2024 2:00 AM IST
മൂവാറ്റുപുഴ: നിരവധി പ്രിതിഷേധങ്ങൾക്ക് ഒടുവിൽ നഗരസഭ 16-ാം വാർഡിലെ മണ്ണാൻകടവിലേക്ക് പോകുന്ന റോഡിലെ തോട് പുറന്പോക്ക് കൈയേറ്റം താലൂക്ക് സർവേയറുടെ നേതൃതത്വത്തിൽ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടു. മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറിക്ക് ജില്ലാ കളക്ടർ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥല ഉടമകളുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് താലൂക്ക് സർവേയർ കൈയേറ്റ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നിയമനടപടി സ്വീകരിച്ചത്.
നേരത്തെ ഈ സ്ഥലത്തെ കൈയേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന സാഹചര്യത്തിൽ ഒരു വ്യക്തിയുടെ സ്ഥലത്തെ പുറന്പോക്ക് ഭൂമിയിലെ കൈയേറ്റത്തിന്റെ യഥാർത്ഥ അളവ് കാണിക്കാതെയാണ് താലൂക്ക് സർവേയർ സ്കെച്ചും പ്ലാനും റിപ്പോർട്ടും നൽകിയിരുന്നത്. ഇത് ചൂണ്ടികാട്ടി നഗരസഭാ സെക്രട്ടറി ജില്ലാ കളക്ടർക്ക് ആക്ഷേപം നൽകിയതിനെതുടർന്നാണ് വീണ്ടും അളന്ന് തിട്ടപ്പെടുത്താൻ നിർദേശം നൽകിയത്.
മണ്ണാൻകടവ് തോട്ടിലൂടെ ശുചിമുറി മാലിന്യം ഉൾപ്പെടെ മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കുന്നവരുടെ ഉറവിടം കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാത്തതിനെതിരെ വാർഡ് നിവാസികളുടെ ആക്ഷേപങ്ങൾ നിലനിൽക്കുകയാണ്. ഇതിനും പരിഹാരം കണ്ടെത്തണം. പുറന്പോക്ക് കൈയേറ്റ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ സാഹചര്യത്തിൽ സ്ലാബിന് മുകളിലൂടെ വെള്ളം ഒഴുകി വെള്ളകെട്ട് ഉണ്ടാക്കുന്നതിന് പരിഹാരം ഉണ്ടാക്കണമെന്നും നിലവിലെ തോടിന് മുകളിലെ സ്ലാബ് മാറ്റി തോടിന്റെ വീതിയും ഉയരവും വർധിപ്പിച്ച് വാർഡ് നിവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വാർഡംഗം ജാഫർ സാദിക്ക് ആവശ്യപ്പെട്ടു.