കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണം: പൈപ്പ്ലൈന് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന്
1489315
Monday, December 23, 2024 1:46 AM IST
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പാലാരിവട്ടം പൈപ്പ്ലൈന് ജംഗ്ഷനിലെ വലിയ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യം. കഴിഞ്ഞ കുറേ ആഴ്ചകളായി പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. ഇതിന് പരിഹാരം കാണാൻ സിഗ്നല്‍ സംവിധാനം പുനസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നിലവില്‍ കാക്കനാട് ഭാഗത്തുനിന്ന് പാലാരിവട്ടത്തേക്ക് പോകുന്ന വാഹനങ്ങള്‍ വൈറ്റില ഭാഗത്തേക്ക് തിരിഞ്ഞ് മേല്‍പ്പാലത്തിന് താഴെ ഭാഗത്തുകൂടി യുടേണ്‍ എടുത്താണ് പാലാരിവട്ടം റോഡിലേക്ക് പ്രവേശിക്കുന്നത്. ഇങ്ങിനെ പാലാരിവട്ടം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് മെട്രോ നിര്‍മാണങ്ങള്‍ക്കായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഇടുങ്ങി അവസ്ഥയിലാണ്.
ഈ റോഡിലേക്ക് തിരിയുന്ന വലിയ വാഹനങ്ങള്‍ വലതുവശത്തുകൂടി കയറി എളുപ്പത്തില്‍ എത്താന്‍ ശ്രമിക്കുന്നത് മൂലം പാലാരിവട്ടം ഭാഗത്തേക്ക് വന്‍ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. ഇടപ്പള്ളിയിലേക്ക് പോകുന്നതിനായി കാക്കനാട് നിന്നുള്ള വാഹനങ്ങള്‍ കൂടാതെ വൈറ്റിലയില്‍ നിന്നും ബസുകള്‍ ഉള്‍പ്പെടെയുള്ളവ എത്തുന്നതോടെ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കൂടുതല്‍ സങ്കീര്‍ണമാകുന്നു.
പാലാരിവട്ടം ഭാഗത്തേക്ക് പോകേണ്ട ആംബുലന്‍സ് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അനാവശ്യമായി കുരുക്കില്‍പ്പെട്ടു കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബ്ലോക്ക് നിയന്ത്രണാതീതമാകുമ്പോള്‍ വൈറ്റില ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത വിധം പാലത്തിന്റെ മറുഭാഗത്തേക്കും അത് നീളും.
ഈ സാഹചര്യത്തില്‍ ജംഗ്ഷനിലുണ്ടാകുന്ന കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വലിയ തിരക്ക് റോഡുകളില്‍ ഉണ്ടാകുന്ന സാഹചര്യമുണ്ട്. മെട്രോയുടെ പണികള്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഇത്തരം ട്രാഫിക് പ്രതിസന്ധികള്‍ വര്‍ധിക്കാനുള്ള സാധ്യതകള്‍ പരിഗണിച്ചും പരീക്ഷണാടിസ്ഥാനത്തിലെങ്കിലും പൈപ്പ്ലൈന് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ പുനഃസ്ഥാപിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ പറയുന്നു.