ഭക്ഷ്യവിഷബാധ: അന്വേഷണത്തിന് ബ്രിഗേഡിയര്‍ റാങ്കിലുള്ള ഓഫീസര്‍
1489913
Wednesday, December 25, 2024 2:00 AM IST
കൊച്ചി: തൃക്കാക്കരയില്‍ എന്‍സിസി ക്യാമ്പില്‍ കേഡറ്റുകള്‍ക്ക് ഭക്ഷ്യവിഷ ഉണ്ടായതു സംബന്ധിച്ച് അന്വേഷിക്കാൻ ബ്രിഗേഡിയര്‍ റാങ്കിലുള്ള ഓഫീസറെ ചുമതലപ്പെടുത്തി. ബ്രിഗേഡിയര്‍ എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ജി. സുരേഷ് കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് ഒഫീഷ്യേറ്റിംഗ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍സിസി ഉത്തരവിറക്കി. ഇദ്ദേഹം സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്‍സിസി ഡയറക്ടറേറ്റിന്റെ കീഴിലുള്ള 21 കേരള ബറ്റാലിയന് കഴിഞ്ഞ 21 മുതല്‍ 30 വരെയുള്ള 10 ദിവസത്തെ കമ്പയിന്‍ഡ് വാര്‍ഷിക ട്രെയിനിംഗ് ക്യാമ്പാണ് നടത്തിയിരുന്നത്.
എറണാകുളത്തിന്റെ കീഴിലുള്ള സ്കൂള്‍, കോളജുകളിലെ 513 വിദ്യാര്‍ഥികളാണ് ക്യാന്പിലുണ്ടായിരുന്നത്. ക്യാമ്പിന് രണ്ട് ദിവസത്തെ അവധി നല്കി. നാളെ ക്യാന്പ് പുനരാരംഭിക്കുമെന്ന് ഒഫീഷ്യേറ്റിംഗ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍സിസി അറിയിച്ചു.
ക്യാമ്പിൽ അതിക്രമിച്ച് കയറി സംഘർഷം;
10 പേർക്കെതിരെ കേസ്
കാക്കനാട്. ഭക്ഷ്യവിഷബാധയുണ്ടായ എൻസിസി ക്യാമ്പിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയതിന് എസ്എഫ്ഐ, ബിജെപി നേതാക്കളടക്കം കണ്ടാലറിയാവുന്ന 10 പേർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു.
കളമശേരി നഗരസഭാ കൗൺസിലറും എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഇതിൽ ഉൾപ്പെടും. നിയമ വിരുദ്ധമായി സംഘം ചേർന്നതിനും സംഘർഷം ഉണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.