ഇരട്ടപ്പദവിയുള്ള സെക്രട്ടറിമാരുടെ ഒരു സ്ഥാനം നഷ്ടമായേക്കും
1489570
Tuesday, December 24, 2024 4:56 AM IST
കൊച്ചി: ജില്ലയിലെ സിപിഎമ്മിന്റെ ഏരിയാ സമ്മേളനങ്ങൾ സമാപനത്തിലേക്ക്. 16 ഏരിയാ കമ്മറ്റികളിൽ 15 ലെയും സമ്മേളനങ്ങൾ കഴിഞ്ഞു. അവസാനത്തെ സമ്മേളനമായ ആലുവ ഏരിയാ സമ്മേളനം ശ്രീമൂലനഗരത്ത് 28, 29, 30 തീയതികളിൽ നടക്കും. കേന്ദ്ര കമ്മറ്റിയംഗം പി.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജനുവരി അവസാനവാരം എറണാകുളം ടൗൺ ഹാളിലാണ് ജില്ലാ സമ്മേളനം . 15 ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായതോടെ രണ്ട് ഏരിയാ കമ്മറ്റികളിൽ ഇരട്ടപ്പദവി എന്ന നൂലാമാല വന്നിരിക്കുന്നത് പാർട്ടിയെ കുഴയ്ക്കുന്നുണ്ട്. പള്ളുരുത്തിയിലും മൂവാറ്റുപുഴയിലുമാണ് ഇരട്ടപ്പദവി പ്രശ്നം വന്നിരിക്കുന്നത്. പള്ളുരുത്തിയിൽ സെക്രട്ടറിയായിരിക്കുന്നത് കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണനാണ്. മൂവാറ്റുപുഴയിലാകട്ടെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് മാത്യുവാണ് സെക്രട്ടറിയായിരിക്കുന്നത്. രണ്ടു പേരുടെയും ഇരട്ടപ്പദവി പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. ഇതേക്കുറിച്ച് പാർട്ടി ജില്ലാ നേതാക്കളുടെ പ്രതികരണം ജനുവരിയിലെ ജില്ലാ സമ്മേളനത്തിനു ശേഷം രണ്ടു പേരുടെയും ഒരു പദവി ഒഴിവാക്കുമെന്നാണ്. അങ്ങനെ വന്നാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനവും രണ്ടു പേരും ഒഴിവാകേണ്ടി വന്നേക്കും.
ജില്ലാ സമ്മേളന ശേഷം നിലവിലുള്ള സെക്രട്ടറി തുടരുകയും കൊല്ലം സംസ്ഥാന സമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി ഇരട്ട പ്രമോഷനോടെ ദേശാഭിമാനിയുടെ ചുമതലക്കാരനായി മാറാനും സാധ്യതയുണ്ടെന്നറിയുന്നു. 45 അംഗങ്ങളുള്ള ജില്ലാ കമ്മറ്റിയിൽ മരണപ്പെട്ട രണ്ടു പേരുടെ ഒഴിവു മൂലവും പ്രായാധിക്യം കൊണ്ട് 8ഓളം പേർ മാറുന്നത് മൂലവുമുണ്ടാകുന്ന 10 ഒഴിവുകളിൽ പുതുമുഖങ്ങൾ ജില്ലാ കമ്മറ്റിയിലേക്കെത്തുമെന്നും പറയപ്പെടുന്നു.
വിവിധ ഏരിയാ സമ്മേളനങ്ങളിൽ പ്രധാനമായും ഉയർന്ന ആക്ഷേപം, പാർട്ടി ജില്ലാ ആസ്ഥാനമായ കലൂർ ലെനിൻ സെന്ററിൽ സാധാരണ പ്രവർത്തകരെത്തിയാൽ അവർക്ക് നേതാക്കളെ കാണാനോ പ്രശ്നങ്ങൾ പറയാനോ സാധിക്കുന്നില്ല എന്നതാണ്.
അതുപോലെ തന്നെ സ്റ്റേഷനുകളിലും ലോക്കൽ സഖാക്കൾക്ക് പോലീസുകാർ യാതൊരു പരിഗണനയും നൽകുന്നില്ലെന്നും ഏരിയാ, ജില്ലാ നേതാക്കൾക്ക് മുതലാണ് പരിഗണനയുള്ളൂവെന്നും ആക്ഷേപമുയർന്നു.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും തന്നെ പോലീസിന്റെ പെരുമാറ്റം നല്ല രീതിയിലല്ലായെന്നത് പല ഏരിയാ സമ്മേളനങ്ങളിലും ചർച്ചയായി. മുൻ എൽഡിഎഫ് കൺവീനറും കേന്ദ്രകമ്മറ്റിയംഗവുമായ നേതാവിന്റെ ഭാഗത്ത് നിന്ന് ഉപതെരഞ്ഞെടുപ്പ് സമയത്തുണ്ടായ ഉത്തരവാദിത്വരഹിതമായ പ്രസ്താവനകൾ പാർട്ടിയുടെ പ്രവർത്തനത്തെ ദുർബലപ്പെടുത്തിയെന്നും ആക്ഷേപമുയർന്നു. മുഴുവൻ സമയ നേതാക്കളുടെ കുടുംബാംഗങ്ങൾ പാർട്ടി പരിപാടികളിൽ സാധാരണ പ്രവർത്തകർക്കൊപ്പം വരുന്നില്ലായെന്നതും രൂക്ഷമായ വിമർശനത്തിനിടയാക്കി. ബാലസംഘം, മഹിളാ, ഡിവൈഎഫ്ഐ പ്രവർത്തനങ്ങളിൽ ഈ നേതാക്കളുടെ കുടുംബാംഗങ്ങളെ കിട്ടാനില്ലെന്നതും ചർച്ചയായി.