കാർ നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റും മതിലും ഇടിച്ച് തകർത്തു
1489904
Wednesday, December 25, 2024 2:00 AM IST
മൂവാറ്റുപുഴ: ആരക്കുഴ റോഡിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റും വീടിന്റെ മതിലും ഇടിച്ച് തകർത്തു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ അഞ്ച് അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ തോട്ടുങ്കൽപ്പീടികയിൽ അപകടത്തിൽപ്പെട്ടത്. ആരക്കുഴ ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലും സമീപത്തെ വീടിന്റെ മതിലിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ മുകുന്ദൻ (49), രവീന്ദ്രൻ (46), സുനിൽകുമാർ (45), അനിൽ (47), അരുണ്‍ (48) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെതുടർന്ന് മൂവാറ്റുപുഴ-ആരക്കുഴ റോഡിൽ ഗതാഗതവും വൈദ്യുത വിതരണവും തടസപ്പെട്ടിരുന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.