കളമശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു
1489308
Monday, December 23, 2024 1:45 AM IST
കളമശേരി: കളമശേരി നഗരസഭയിലെ 10, 12,13 വാർഡുകളിലായി പടർന്നുപിടിച്ച മഞ്ഞപ്പിത്ത രോഗം കൂടുതൽ പേർക്ക് സ്ഥിരീകരിച്ചു. ഇന്നലെ 36 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 135 പേരുടെ രക്തസാമ്പിൾ പരിശോധിച്ചതിൽ 95 പേർ നിരീക്ഷണത്തിലുണ്ട്.
രോഗബാധയെത്തുടർന്ന് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന രോഗിയുടെ നിലയിൽ മാറ്റമില്ല. മറ്റൊരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡയാലിസിസ് ആരംഭിച്ച ഇയാളുടെ നിലയും ഗുരുതരമാണ്. ഒരു ഡയാലിസിസ് കൂടി കഴിഞ്ഞിട്ടും കുറയുന്നില്ലെങ്കിൽ കരൾ മാറ്റിവയ്ക്കാനുള്ള നടപടികളിലേക്ക് കടക്കേണ്ടിവരും. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് ചികിത്സാ സഹായ നിധിക്കായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി പെരിങ്ങഴ വാർഡ് കൗൺസിലർ റാണി രാജേഷ് പറഞ്ഞു.
മഞ്ഞപ്പിത്ത ബാധ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണമെന്ന് കളമശേരി പിഎച്ച്സിയിലെ ഡോ. അഞ്ജു ഏഞ്ചൽ അലക്സ് പറഞ്ഞു. ഇവിടുത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയച്ചതിന്റെ ഫലം വന്നിട്ടില്ല.