കുട്ടിപ്പോലീസുകാരുടെ ഇഞ്ചിക്കൃഷി വിളവെടുത്തു
1490086
Friday, December 27, 2024 3:13 AM IST
നെടുമ്പാശേരി : കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ നടപ്പിലാക്കിയ ഇഞ്ചിക്കൃഷി വിളവെടുത്തു. കേഡറ്റുകളുടെ തനതു പ്രോജക്ട് ആയിരുന്നു ഇഞ്ചിക്കൃഷി. പ്രത്യേകം തയാറാക്കിയ 150 ഗ്രോബാഗുകളിലായിരുന്നു കൃഷി നടപ്പിലാക്കിയത്.
കുന്നുകര റൂറൽ കോ ഓപ്പറേറ്റീവ് ബാങ്ക് സൗജന്യമായി നൽകിയ ഗ്രോബാഗുകളിലായിരുന്നു കുട്ടികൾ കൃഷിയിറക്കിയത്.
വിളവ് പൂർത്തിയായ ഇഞ്ചിക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. തോമസ് മഴുവഞ്ചേരിയും ചെങ്ങമനാട് എസ്ഐ ബൈജു കുര്യനും ചേർന്ന് നിർവഹിച്ചു. സ്കൂളിലെ ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച ശേഷം മിച്ചം വരുന്ന ഇഞ്ചി റൂറൽ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കർഷക മിത്രം വിപണിയിലൂടെ വിപണനം ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകുമെന്ന് സംഘം ഭരണസമിതിയംഗങ്ങൾ കേഡറ്റുകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ചടങ്ങിൽ പ്രധാനാധ്യാപിക പി.പി. ലീന , ഡ്രിൽ ഇൻസ്ട്രക്ടർമാരായ ദീപ എസ്. നായർ, ലിൻസൺ പൗലോസ്, റൂറൽ ബാങ്ക് സെക്രട്ടറി അമ്പിളി, റിട്ട. എസ്ഐ റഷീദ്, അധ്യാപകരായ പി.ജെ. സൈജു, പി.എഫ്. പ്രീതി തുടങ്ങിയവർ സംസാരിച്ചു.