റോഡുകളും കലുങ്കുകളും നന്നാക്കണം
1489905
Wednesday, December 25, 2024 2:00 AM IST
കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിലെ നിരവധി റോഡുകളുടെയും കലുങ്കുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി റോഡ്സ് വിഭാഗം കൂത്താട്ടുകുളം അസിസ്റ്റന്റ് എൻജിനീയർ ടി. വിനീതിന് പരാതി നൽകി. പാന്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം ഡോജിൻ ജോണാണ് പരാതി നൽകിയത്.
പഞ്ചായത്തിലെ പ്രധാന റോഡായ തലയോലപ്പറന്പ് - കൂത്താട്ടുകുളം റോഡിൽ ഇലഞ്ഞി മുതൽ മുത്തോലപുരം വരെയുള്ള ഭാഗത്തെ റോഡിലെ കുഴികൾ അടിയന്തരമായ അടയ്ക്കണമെന്ന് അംഗം പരാതിയിൽ ആവശ്യപ്പെട്ടു. ശബരിമല തീർഥാടകരുടെയടക്കം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ വീതി കുറവ് പലപ്പോവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതോടൊപ്പം തന്നെ 20 വർഷത്തിലേറെയായി ടാർ ചെയ്യാതെ തുടരുന്ന മുത്തോലപുരം - ഇടയാർ റോഡ് അടിയന്തരമായി നന്നാക്കണമെന്നും പരാതിയിൽ പറയുന്നു.
ഇലഞ്ഞി വിസാറ്റ് കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂരുമല ടൂറിസം പദ്ധതിയും സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തേക്കുള്ള റോഡ് തകർന്നതുമൂലം ബസ് സർവീസും നിലച്ച അവസ്ഥയിലാണ്. തിരുമാറാടി, കാക്കൂർ, ഇടയാർ പ്രദേശങ്ങളിലുള്ളവർക്ക് കൂത്താട്ടുകുളം കൂടാതെ എംസി റോഡ് ഭാഗത്തേക്കു പോകുന്നതിനുള്ള എളുപ്പമാർഗമാണിത്. ഇതോടൊപ്പം ടാറിംഗ് പുരോഗമിക്കുന്ന കാലാനിമറ്റം - നെല്ലൂര്പാറ റോഡ് ഭാരവാഹനങ്ങളുടെ യാത്ര മൂലം തകർച്ചയുടെ വക്കിലാണെന്നും ഇവിടെ ടൈൽ വിരിച്ച ഭാഗങ്ങൾ ഇടിഞ്ഞു താഴ്ന്നു തുടങ്ങിയെന്നും പല സ്ഥലങ്ങളിലായി ജല അഥോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടിയ അവസ്ഥയാണുള്ളതെന്നും ബ്ലോക്ക് പഞ്ചായത്തംഗം പറഞ്ഞു.
റോഡ് പുനർനിർമാണത്തെതുടർന്ന് ഈ ഭാഗത്ത് ഓടകൾ മൂടിപ്പോയതായും പുതിയതായി നിർമിക്കുന്ന ഐറിഷ് ഓടകൾ മൂലം കലുങ്കുകൾ അടഞ്ഞുപോയെന്നും ഇവ പുനർ നിർമിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. പഞ്ചായത്തിലെ മറ്റൊരു റോഡായ മുത്തോലപുരം - ഇടയാർ, വേളാച്ചേരിതാഴം - കിഴകൊന്പ് - മുത്തോലാപുരം മൃഗാശുപത്രി - ആച്ചിക്കൽ റോഡ് തുടങ്ങിയവയുടെ ശോചനീയാവസ്ഥയും പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗത്തോടൊപ്പം കേരള കോണ്ഗ്രസ്-എം യുവജന നേതാക്കളായ ടോമി കേളംകുഴ, ജിബിൻ കുഴികണ്ടംതടം എന്നിവരും പരാതി നൽകാനുണ്ടായിരുന്നു.