തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തി പുനർനിർണയം
1490084
Friday, December 27, 2024 3:13 AM IST
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽനിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശിപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോണ്‍ എംഎൽഎ അറിയിച്ചു. പ്രസന്റേഷനും ഫീൽഡ് വിസിറ്റും ഒരുക്കിയിട്ടുണ്ട്.
തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റേഞ്ചിലെ 10.1694 ചതുരശ്ര കിലോ മീറ്റർ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശിപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘത്തിന്റെ സന്ദർശനം.
ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും ശാസ്ത്രജ്ഞനുമായ രമണ്‍ സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി. കൃഷ്ണൻ, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നത്.