ക്രിസ്മസ് ചലഞ്ചിൽ കൈയടി നേടി ‘മണിക്കുട്ടി'
1489572
Tuesday, December 24, 2024 4:56 AM IST
കൊച്ചി: സ്വന്തമായി ക്രിസ്മസ് ട്രീ ഉണ്ടാക്കുക, ക്രിസ്മസ് കാർഡുകൾ നിർമിക്കുക, സാന്താക്ലോസിനായി ഹൃദയം തുറന്നൊരു കത്തെഴുതുക... ക്രിസ്മസ് കാലത്ത് കുട്ടികൾക്കായുള്ള ചലഞ്ചുകളായിരുന്നു ഇതെല്ലാം. സാമൂഹ്യമാധ്യമങ്ങളിലൂടെയെത്തിയ ചലഞ്ച് ഏറ്റെടുത്തവരും കൈയടിച്ചവരും നിരവധി.
കൊച്ചി കളമശേരി സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനി അനോറ തെരേസ് ജിന്റോ (മണിക്കുട്ടി) "ക്രിസ്മസ് പ്രിപ്പറേഷൻ ചാലഞ്ച്" എന്ന വീഡിയോ പ്രോഗ്രാമിലൂടെ ക്രിസ്മസ് നാളുകളുടെ നന്മ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു ശ്രദ്ധ നേടിയത്. ഡിസംബർ ഒന്നു മുതൽ ക്രിസ്മസ് ദിനം വരെ കുട്ടികൾക്കു ചെയ്യാവുന്ന ചെറുതും വലുതുമായ ടാസ്കുകൾ ആകർഷകമായ രീതിയിൽ അവതരിപ്പിച്ചു.
ലോകമെങ്ങുമുള്ള മലയാളികളായ ക്രിസ്ത്യൻ കുട്ടികൾക്കായി മണിക്കുട്ടീസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണു ടാസ്കുകൾ എത്തിയത്. മികച്ച പ്രതികരണമാണു പരിപാടിക്കു ലഭിച്ചത്. കുടുംബ പ്രാർഥനകൾ മുടക്കമില്ലാതെ ചൊല്ലുക, വീട് വൃത്തിയാക്കൽ, അലമാര ക്രമീകരണം, ബാത്ത്റൂം ക്ലീനിംഗ്, രുചികരമായ ചോക്ലേറ്റ് കുക്കീസ് ഉണ്ടാക്കുക തുടങ്ങി കുട്ടികളുടെ സർഗാത്മകതയും ആത്മീയതയും വളർത്തുന്ന ടാസ്കുകളായിരുന്നു നൽകിയത്. കുടുംബത്തോടൊപ്പം നടത്തുന്ന പ്രാർഥനകൾ, അനുഗ്രഹങ്ങൾ പങ്കുവയ്ക്കാനുള്ള ക്രിസ്മസ് പ്രയർ ജാർ, ക്രിസ്മസ് കരോൾ പരിപാടികൾ, എന്നിവയെല്ലാം കുട്ടികളിൽ കുടുംബബന്ധവും ഈശ്വരവിശ്വാസവും വളർത്തുന്നതിന് സഹായകമായെന്നു പ്രേക്ഷകർ ചൂണ്ടിക്കാട്ടി. ക്രിസ്മസ് കരോളുകൾ പാടാനും, ക്രിസ്മസ് സിനിമകൾ കാണാനും, ക്രിസ്മസ് കഥകൾ വായിക്കാനുമുള്ള അവസരങ്ങളും ടാസ്കുകളിലുണ്ടായിരുന്നു.
ഇപ്പോൾ യുകെയിലെ ഹാരോഗേറ്റിൽ താമസിക്കുന്ന മണിക്കുട്ടി, മാതാപിതാക്കളായ ജിന്റോ മാത്യുവിന്റെയും നീതു റോസ് ജോസിന്റെയും, സഹോദരങ്ങളായ ആദവിന്റെയും അലോനയുടെയും സഹായത്തോടെയാണ് വീഡിയോകൾ ചിട്ടപ്പെടുത്തുന്നത്.