അനാശാസ്യകേന്ദ്രം നടത്തിപ്പ്: രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്
1490093
Friday, December 27, 2024 3:13 AM IST
കൊച്ചി: എറണാകുളം കടവന്ത്രയിലെ അനാശാസ്യകേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് ലാല്‍, കൊച്ചി ട്രാഫിക് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ രമേശന് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ സസ്പെന്‍ഡ് ചെയ്തത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍. തുടര്‍ന്ന് ഇരുവരെയും കടവന്ത്ര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇരുവര്‍ക്കും അനാശാസ്യ കേന്ദ്രത്തിന്റെ ലാഭവിഹിതമായി ലക്ഷങ്ങള്‍ ലഭിച്ചിരുന്നു. അറസ്റ്റിലായ സിപിഒ രമേശൻ നേരത്തെയും അച്ചടക്ക നടപടി നേരിട്ടയാളാണ്. ഇയാള്‍ക്ക് ഒമ്പതു ലക്ഷത്തോളം രൂപ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാര്‍ നല്‍കിയതായുള്ള രേഖകളടക്കമാണ് പോലീസ് പിടിച്ചെടുത്തത്. ബ്രിജേഷിന്റെ അക്കൗണ്ടിലേക്കും പണം എത്തിയിട്ടുണ്ട്. രണ്ടു പേരുടെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളും പരിശോധിച്ചുവരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഡ്രീംലാന്‍ഡ് റസിഡന്‍സിയെന്ന ലോഡ്ജില്‍ നിന്ന് ഉടമയും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയും പിടിയിലായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതില്‍ നിന്നുമാണ് പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയത്. പിടിയിലായ പോലീസ് ഉദ്യോഗസ്ഥരുടെ ബിനാമികളായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. അനാശാസ്യ കേന്ദ്രം നടത്തിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.