അനുഗ്രഹനിറവ് സമ്മാനിച്ച് പാലാ ബൈബിള്‍ കണ്വന്ഷന്
1489578
Tuesday, December 24, 2024 4:56 AM IST
പാലാ: ദൈവാനുഗ്രഹത്തിന്റെ അഞ്ചു ദിനങ്ങള്‍ സമ്മാനിച്ച് പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്വന്ഷന് സമാപിച്ചു. ആത്മാവിലും വചനത്തിലും ഉണര്‍വുള്ളവരായി വിശ്വാസസമൂഹം ക്രിസ്മസിനായി ഒരുങ്ങി. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാലും ടീമുമാണ് അഞ്ചു ദിനം നീണ്ട ബൈബിള്‍ കണ്വന്ഷന് നയിച്ചത്.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷന്റെ വിവിധ ദിനങ്ങളില്‍ രൂപതാധ്യക്ഷനും വികാരി ജനറാള്‍മാരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. വചനത്തില്‍ അധിഷ്ഠിതമായ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
സമാപന ദിനമായ ഇന്നലെ ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഒരു മനുഷ്യന്റെ നിലനില്‍പ്പിനു ദൈവം നൽകിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനമെന്നും ദൈവവചനങ്ങളില്നിന്ന് മാറിപ്പോയാല്‍ നമ്മുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും ഫാ. ഡൊമിനിക് വാളന്മനാല് ഉദ്ബോധിപ്പിച്ചു. വചനത്തില്‍ ഊന്നിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്. വിശുദ്ധി എന്ന പുണ്യം തലമുറയെ അനുഗ്രഹിക്കും. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തലമുറയെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കി. ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരുന്നു.
കണ്‍വന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്വന്ഷന് വേദിയില്‍ ആദരിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വ്യക്തിഗത വിഭാഗത്തില്‍ സിസ്റ്റര്‍ ജെയ്സി സിഎംസി മുട്ടുചിറ, സിസ്റ്റര്‍ ബിജി എഫ്സിസി എന്നിവര്‍ക്കും ഇടവക എ വിഭാഗത്തില്‍ അരുണാപുരം സെന്റ് തോമസ്, കുടക്കച്ചിറ സെന്റ് ജോസഫ്സ്, ബി വിഭാഗത്തില്‍ ളാലം സെന്റ് മേരീസ്, രത്നഗിരി സെന്റ് തോമസ്, സി വിഭാഗത്തില്‍ സെന്റ് തോമസ് കത്തീഡ്രലും ഭരണങ്ങാനം സെന്റ് മേരീസും സമ്മാനാര്‍ഹരായി. സുവിശേഷവത്കരണ വര്‍ഷാരംഭത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.