‘കാട്ടാന ആക്രമണത്തിൽ എൽദോസിന്റെ മരണം; യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു’
1489906
Wednesday, December 25, 2024 2:00 AM IST
കോതമംഗലം: കുട്ടന്പുഴ ഉരുളൻതണ്ണി ക്ണാച്ചേരിയിൽ കോടിയാട്ട് എൽദോസ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിനായി സമൂഹമാധ്യമങ്ങളിൽ കുപ്രചാരണം നടത്തുകയാണെന്ന് ആന്റണി ജോണ് എംഎൽഎ, സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. ജില്ല കളക്ടർ ഉൾപ്പെടെ പാതിരാത്രി സ്ഥലത്തെത്തി ഉറപ്പ് നൽകിയിട്ടും മൃതദേഹം വച്ച് വിലപേശുകയായിരുന്നു.
കുടുംബത്തിന് നഷ്ടപരിഹാരം നൽകിയതിനൊപ്പം ട്രഞ്ച് നിർceണം, സൗരോർജവേലി സ്ഥാപിക്കൽ അടക്കമുള്ള പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാനും അഞ്ച് ദിവസത്തിനകം സ്ഥലത്ത് വഴിവിളക്ക് സ്ഥാപിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയിട്ടും ഒരുവിഭാഗം ആളുകൾ എതിർപ്പ് പ്രകടിപ്പിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കാൻ രാത്രി രണ്ടര വരെ കാത്തുനിൽക്കേണ്ട നിർഭാഗ്യകരമായ അവസ്ഥയുണ്ടാക്കി. ജനങ്ങൾക്കിടയിൽ അനാവശ്യ വിവാദം സൃഷ്ടിക്കാൻ ബോധപൂർവമായ നീക്കമാണ് യുഡിഎഫ് നടത്തിയത്.
മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ വന്യജീവി ശല്യവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഓരോ പ്രശ്നത്തിലും സർക്കാരും എംഎൽഎ എന്ന നിലയിൽ താനും ജനങ്ങളുടെ ആവശ്യപ്രകാരം കൃത്യമായ ഇടപെടലും പ്രതിരോധ നടപടിയുമെടുത്തിട്ടുണ്ട്. പിണവൂർകുടിയിൽ എട്ട് കിലോമീറ്റർ ട്രഞ്ച് നിർമാണം, നീണ്ടപാറ, ഇഞ്ചത്തൊട്ടി, വടാട്ടുപാറ, വേട്ടാംപാറ, കോട്ടപ്പടി ഉൾപ്പെടെ പ്രദേശങ്ങളിൽ സോളാർ ഫെൻസിംഗ് നിർമാണം തുടങ്ങുകയും വടാട്ടുപാറ അടക്കം വിവിധ സ്ഥലങ്ങളിൽ ജോലി പൂർത്തിയാക്കുകയും ചെയ്തു.
വന്യജീവി സംഘർഷം പ്രതിരോധിക്കാനും അർഹമായ നഷ്ടപരിഹാരം കേന്ദ്രസർക്കാരിൽനിന്ന് നേടിയെടുക്കാനും ലോകസഭയിൽ ഇതിന് വേണ്ടി ശബ്ദിക്കാതെ മൃതദേഹംവച്ച് വിലപേശുന്ന സമീപനമാണ് ഡീൻ കുര്യാക്കോസ് എംപി സ്വീകരിച്ചതെന്നും ആന്റണി ജോണ് എംഎൽഎ കുറ്റപ്പെടുത്തി.