കരുമാലൂർ തട്ടാംപടിയിൽ കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥ
1490074
Friday, December 27, 2024 2:44 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ തട്ടാംപടിയിൽ ശുദ്ധജലവിതരണക്കുഴൽ പൊട്ടൽ തുടർക്കഥയാകുന്നു. നിലവിൽ നൂറു കണക്കിനു ലിറ്റർ ജലമാണു പാഴായിപ്പോകുന്നത്.
തുടരെ തുടരെയുള്ള കുടിവെള്ള പൈപ്പ് പൊട്ടൽ മൂലം വിവിധയിടങ്ങളിൽ കുടിവെള്ള വിതരണവും തടസപ്പെട്ടു.ആലുവ- പറവൂർ പ്രധാന റോഡിൽ തട്ടാംപടി പള്ളിയ്ക്കു സമീപമാണു തുടർച്ചയായി കുടിവെള്ള പൈപ്പ് പൊട്ടിയത്. കഴിഞ്ഞദിവസം പൊട്ടിയതു ശരിയാക്കിയതിനു തൊട്ടു പിന്നാലെയാണു വീണ്ടും ഇന്നലെ പൊട്ടിയത്.
ഇതോടെ പലയിടത്തും കുടിവെള്ളവിതരണം തടസപ്പെട്ടിരിക്കയാണ്. ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളി മേഖലയിൽ കഴിഞ്ഞ 10 ദിവസമായി കുടിവെള്ളം മുടങ്ങിക്കിടക്കുന്നതിനു പിന്നാലെയാണു ഇവിടെയും പൈപ്പ് പൊട്ടിയത്.
റോഡ് അടിക്കടി റോഡ് കുത്തിപ്പൊളിക്കുന്നതു മൂലം വാഹനയാത്രികരും ദുരിതത്തിലാണ്. അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധവും ശക്തമാണ്. എത്രയും വേഗം അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.