വിമാനയാത്രയുടെ കൗതുകത്തിൽ വയോധികർ
1489322
Monday, December 23, 2024 1:46 AM IST
മൂവാറ്റുപുഴ: വിമാനത്തിൽ പറക്കണമെന്നുള്ള ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ ആഹ്ലാദത്തിലാണ് മൂവാറ്റുപുഴ നഗരസഭ പരിധിയിലുള്ള ഒരു കൂട്ടം മുതിർന്ന പൗരന്മാർ. വിമാനവും വിമാനത്താവളവും ആകാശയാത്രയും അപ്രാപ്യമായ സാഹചര്യത്തിലായിരുന്നു നഗരസഭയൂടെയും വയോമിത്രം പദ്ധതിയുടെയും നേതൃത്വത്തിൽ സഹസ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇത്തരമൊരു വിമാനയാത്ര സംഘടിപ്പിച്ചത്.
യാത്രയിലുണ്ടായിരുന്ന 34ൽ 30 ആളുകളും 60നും 80നും ഇടയ്ക്ക് പ്രായമുള്ള മുതിർന്ന പൗരന്മാരായിരുന്നു. രാവിലെ ബംഗളുരു നഗരത്തിലെത്തി അവിടെ ബോട്ടാണിക്കൽ ഗാർഡൻ, ബംഗളുരു പാലസ്, വിധാൻ സൗധ എന്നിവ സന്ദർശിച്ച് ഷോപ്പിംഗിന് ശേഷമാണ് തിരികെ മൂവാറ്റുപുഴയിൽ എത്തിയത്. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ മീരാ കൃഷ്ണൻ യാത്രയ്ക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ കോ ഓർഡിനേറ്റർ വി. നിഖിൽ, വയോമിത്രം പദ്ധതി സ്റ്റാഫ് നഴ്സ് ബെറ്റ്സി ജോർജ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. ജെറിയാട്രിക് ടൂറിസവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മുതിർന്ന പൗരന്മാർക്കുള്ള യാത്രകൾ തുടർന്നും നടത്തുമെന്ന് അധികൃതർ അറിയിച്ചു.