പൊതുനിരത്തിലെ കൊടിയും ബോർഡും നീക്കിയില്ലെങ്കിൽ നഗരസഭാ സെക്രട്ടറി 75,000 രൂപ പിഴയടക്കണമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
1490075
Friday, December 27, 2024 2:44 AM IST
ആലുവ: ദേശീയപാതയിൽ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കോൺഗ്രസ് സ്ഥാപിച്ച ഫ്ലക്സുകളും, കൊടികളും അഴിച്ചുമാറ്റാൻ ഹൈക്കോടതി ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ശക്തമായ ഇടപെടൽ. അഴിച്ചു മാറ്റിയില്ലെങ്കിൽ സെക്രട്ടറിക്കെതിരെ 75,000 രൂപ പിഴ ചുമത്തുമെന്നും നിർദേശിച്ചു.
കോടതി ഉത്തരവ് കർശനമാക്കിയിട്ടും ഫ്ലക്സുകളും കൊടിയും ബോർഡുകളും പൊതുനിരത്തിൽ തിരിച്ചെത്തിയതാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ പ്രകോപിപ്പിച്ചത്. ഇതേത്തുടർന്ന് ആലുവ നഗരസഭ സെക്രട്ടറി ഇടപെട്ട് മണിക്കൂറുകൾക്കകം അലങ്കാരങ്ങൾ നീക്കി. മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മഹിള കോൺ. സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഷാനിമോൾ ഉസ്മാൻ പങ്കെടുക്കുമെന്ന ബോർഡുകളാണ് എടുത്തു മാറ്റിയത്.
ക്രിസ്മസ് ദിവസം ഉച്ചയ്ക്ക് രണ്ടോടെ ജസ്റ്റിസ് നെടുമ്പാശേരി ഭാഗത്തേക്ക് പോയപ്പോഴാണ് ദേശീയപാതയിൽ മുട്ടം മുതൽ ആലുവ മാർത്താണ്ഡവർമ പാലം വരെ വ്യാപകമായി സ്ഥാപിച്ചിരിക്കുന്ന കോൺഗ്രസിന്റെ കൊടിയും ബോർഡും ശ്രദ്ധിൽപ്പെട്ടത്. ഏകദേശം 50 ഓളം കൊടികളും 100 ഓളം ബാനറുകളും വൈകിട്ട് തന്നെ നീക്കിയില്ലെങ്കിൽ സെക്രട്ടറി 75,000 രൂപ പിഴ അടക്കേണ്ടിവരുമെന്നാണ് ജസ്റ്റീസ് മുന്നറിയിപ്പ് നൽകിയത്. ആറിന് റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിരുന്നു.
നഗരസഭ ജീവനക്കാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് കൊടിയും ബോർഡുകളും നീക്കം ചെയ്തു. തുടർന്ന് നഗരസഭ സെക്രട്ടറി നഗരസഭാ അഭിഭാഷകൻ മുഖേന കോടതിക്ക് റിപ്പോർട്ട് കൈമാറി.