റോബോട്ടിക് ബയോ വേസ്റ്റ് ബൂത്ത് നാളെ പ്രവർത്തനം തുടങ്ങും
1489574
Tuesday, December 24, 2024 4:56 AM IST
ആലുവ: സംസ്ഥാനത്തെ ആദ്യ റോബോട്ടിക് ബയോവേസ്റ്റ് മാനേജിംഗ് എക്സ്പീരിയൻസ് എയർ കണ്ടീഷൻ പബ്ലിക് ബൂത്ത് നാളെ മുതൽ ആലുവയിൽ പ്രവർത്തനക്ഷമമാകും. നഗരസഭ വളപ്പിൽ രാവിലെ 11 ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകൻ കമൽ വിശിഷ്ടാതിഥിയാകും.
മൂന്നര ലക്ഷത്തോളം രൂപ ചെലവിട്ടാണ് ജൈവ, ജലമാലിന്യ സംസ്കരണത്തിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പുതു മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചത്. പരീക്ഷണാർത്ഥം നഗരസഭയിൽ നിന്ന് തുക ഈടാക്കാതെയാണ് ആലുവയിൽ നടപ്പാക്കുന്നത്. 20 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന് പ്രതിദിനം 50 കിലോഗ്രാം സംസ്കരണ ശേഷിയുണ്ട് .
മുനിസിപ്പൽ ഓഫീസിലേയും കാന്റീനിലേയും മാലിന്യ സംസ്കരണം ഉദ്ദേശിച്ചുള്ള യൂണിറ്റിൽ 50 കിലോഗ്രാം ജൈവമാലിന്യത്തിനു പുറമെ 5000 ലിറ്റർ മലിനജലവും റോബോട്ടിക് ബൂത്തിൽ സംസ്കരിക്കാം. മാലിന്യ സംസ്കരണത്തിലൂടെ ഉത്പാദിപ്പിക്കുന്ന ജൈവവളം കിലോഗ്രാമിന് നാലുരൂപ നിരക്കിൽ നിർമാണ കമ്പനി തിരിച്ചെടുക്കും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് എയർകണ്ടീഷൻ ക്യാബിനുള്ളിലെ ഇത്തരമൊരു മാലിന്യസംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നത്.
ഇതു വിജയിച്ചാൽ സംസ്ഥാന വ്യാപകമായി ബയോ വേസ്റ്റ് പബ്ലിക് ബൂത്തുകൾ സ്ഥാപിക്കും. റോബോബിൻ ഇൻഡോർ ബയോവേസ്റ്റ് ഇക്കോ സിസ്റ്റം എന്ന സ്ഥാപനമാണ് മാലിന്യ സംസ്കരണ യൂണിറ്റിന്റെ നിർമാതാക്കൾ. രണ്ടു മാസം കൊണ്ടാണ് നിർമാണം പൂർത്തിയായത്.