പരിഷത്ത് വേദിയിൽ തുടങ്ങിയ സൗഹൃദം; സാനുമാഷിന്റെ പ്രിയപ്പെട്ട എംടി...
1490090
Friday, December 27, 2024 3:13 AM IST
കൊച്ചി: മലയാളത്തിൽ എഴുത്തിന്റെ വ്യത്യസ്തധാരകളുടെ തറവാട്ടുമുറ്റത്ത് അഭിമാനത്തോടെ കസേര വലിച്ചിട്ടിരുന്ന രണ്ടു പേർ എം.ടി. വാസുദേവൻനായരും പ്രഫ. എം.കെ. സാനുവും. ഇരുവുരം തമ്മിലുള്ള സൗഹൃദത്തിനു പ്രായം ഏഴു പതിറ്റാണ്ടടുത്തു.
സാഹിത്യ പരിഷത്തിന്റെ പരിപാടിയിൽ പ്രസംഗിക്കാൻ പോയ വേളയിലാണ് എംടിയെ ആദ്യമായി കണ്ടുമുട്ടിതയതെന്നു എം.കെ. സാനു ഓർമിച്ചു. 1956ൽ കോട്ടയത്തായിരുന്നു സമ്മേളനം. എം.ടി.യുമായി അന്നു തുടങ്ങിയ ബന്ധം പിന്നീടു പല കൂടിക്കാഴ്ചകളിലൂടെയും ഫോൺ സംഭാഷണങ്ങളിലൂടെയും വേദികൾ പങ്കിട്ടതിലൂടെയും വളർന്നു.
വള്ളത്തോളും പങ്കെടുത്ത പരിഷത്ത് സമ്മേളനത്തിൽ കുട്ടികൃഷ്ണമാരാരായിരുന്നു അധ്യക്ഷൻ.
ക്രൈസ്തവ സാഹിത്യമെന്ന വിഷയത്തിലായിരുന്നു സാനു മാഷിന്റെ പ്രസംഗം. പ്രസംഗശേഷം എം.ടി.തന്നെ കണ്ട് അഭിനന്ദിച്ചത് ഇപ്പോഴും ഓർക്കുന്നുവെന്നു സാനു മാഷ്.
ഇങ്ങനെയൊരാൾ ഉണ്ടെന്ന് അറിവില്ലായിരുന്നുവെന്നും അന്നു തന്നോട് എം.ടി. പറഞ്ഞു. എംടി മിതഭാഷിയായിരുന്നു. പിന്നീട് കണ്ടപ്പോഴും അധികം സംസാരിച്ചിരുന്നില്ലെങ്കിലും വ്യക്തിപരമായ ബന്ധം പുതുക്കി.
കുമാരനാശാന്റെ ദുരവസ്ഥയെക്കുറിച്ച് താൻ എഴുതിയ വിമർശനത്തെ അഭിനന്ദിച്ചു ഫോണിൽ വിളിച്ച് ഒരിക്കൽ സംസാരിച്ചിരുന്നു.
എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ സൻസ്കൃതി പുരസ്കാരം എം.ടി.ക്ക് സമർപ്പിച്ച ചടങ്ങിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്....! എം.കെ. സാനു പറഞ്ഞു.
എഴുത്തിൽ അസാധാരണായ സൂക്ഷ്മത പുലർത്തിയ എംടിയുടെ വിയോഗത്തിലൂടെ, കാലത്തെ അതിജീവിച്ച മലയാള സാഹിത്യത്തിന്റെ ശിൽപിയെയാണ് നഷ്ടമായതെന്നും പ്രഫ. സാനു അനുസ്മരിച്ചു.