കുടിവെള്ള വിതരണം താറുമാറായി; തസ്തികകളിൽ ആളില്ല
1490079
Friday, December 27, 2024 3:12 AM IST
മൂവാറ്റുപുഴ: നഗരത്തിൽ ജല അഥോറിറ്റിയുടെ കുടിവെള്ള വിതരണം താറുമാറായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥ തസ്തികകൾ ഒഴിഞ്ഞുതന്നെ. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തര പരാതിയും പ്രതിഷേധവുമുണ്ടായിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാൻ ജല അഥോറിറ്റി അധികൃതകർ തയാറാകാത്തതോടെയാണ് ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റും നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ ജോസ് കുര്യാക്കോസ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയത്.
നഗരത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടുന്നതും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നതും പതിവായിരിക്കുകയാണ്. നിലവിൽ മൂവാറ്റുപുഴ ഡിവിഷനിൽ പ്രധാന തസ്തികകളായ അസിസ്റ്റന്റ് എൻജിനീയറുടെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്താത്തതാണ് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നത്.
വാഴക്കുളം, ഇലഞ്ഞി എന്നിവിടങ്ങളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കും അസിസ്റ്റന്റ് എൻജിനീയർക്കുമാണ് നിലവിൽ മൂവാറ്റുപുഴ ഡിവിഷന്റെ അഡീഷണൽ ചാർജ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജല അഥോറിറ്റി വിവിധ ഡിവിഷനുകളിലായി 14ഓളം നിയമനങ്ങൾ നടത്തിയെങ്കിലും മൂവാറ്റുപുഴ ഡിവിഷനെ മാത്രം പരിഗണിച്ചില്ല. ഉദ്യോഗസ്ഥ തസ്തികകളിൽ നിയമനം നടത്താത്തതോടെ പ്രശ്ന പരിഹാരം കാണാൻ കാലതാമസം നേരിടുകയാണ്.
കടാതി, വെള്ളൂർക്കുന്നം, കിഴക്കേക്കര തുടങ്ങി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെല്ലാം കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്.
വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് മുന്നിലും ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. നഗരസഭാംഗങ്ങളും വാർഡംഗങ്ങളും മറ്റ് ജനപ്രതിനിധികളും തുടർച്ചയായി പ്രശ്ന പരിഹാരത്തിനായി ജല അഥോറിറ്റി അധികൃതരെ സമീപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടും പരിഹാരം കാണാമെന്ന പാഴ്വാക്കല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജോസ് കുര്യാക്കോസ് നിവേദനത്തിൽ പറയുന്നു.