കെയുഡബ്ല്യുജെ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
1489909
Wednesday, December 25, 2024 2:00 AM IST
കൊച്ചി: വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവർത്തകൻ അനിരു അശോകനെതിരായ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രസ് ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെന്റ് തെരേസാസ് കോളജിനു മുന്നില്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തരുത് എന്ന പത്രപ്രവര്‍ത്തനത്തിലെ അടിസ്ഥാന തത്വം ലംഘിക്കാനാണ് പോലീസ് മാധ്യമം ലേഖകനെ നിര്ബന്ധിച്ചുകൊണ്ടിരിക്കുന്നതെന്നും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഇത്തരം കടന്നുകയറ്റം തീര്‍ത്തും ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കെയുഡബ്ലിയുജെ സംസ്ഥാന ട്രഷറര്‍ മധുസൂദനന് കര്‍ത്താ, സംസ്ഥാന സമിതി അംഗം ബി. ദിലീപ് കുമാര്‍, മുന്‍ ട്രഷറര്‍ പി.സി. സെബാസ്റ്റ്യന്‍, പ്രസ് ക്ലബ് സെക്രട്ടറി എം. ഷജില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.