എൻസിസി ഓഫീസറെ ആക്രമിച്ചെന്ന് പരാതി; പോലീസ് കേസെടുത്തു
1490078
Friday, December 27, 2024 3:12 AM IST
തൃക്കാക്കര: കെഎംഎം കോളജിൽ നടന്ന എൻസിസി കേഡറ്റുകളുടെ ക്യാമ്പിൽ അതിക്രമിച്ചു കയറി എൻസിസി ഓഫീസറെ ആക്രമിച്ചെന്ന പരാതിയിൽ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ കേസെടുത്തു.
ലെഫ്റ്റനന്റ് കേണൽ കെർണയിൽ സിംഗിനെ തടഞ്ഞുനിർത്തി കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയ ശേഷം മൂർച്ചയുള്ള ആയുധമുപയോഗിച്ച് കുത്തി പരിക്കേല്പിക്കുകയും ചെയ്തതായാണ് കേസ്.
21 കേരള എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് കെർണയിൽ സിംഗ്. പ്രധാന പ്രതികളിൽ ഒരാൾ മൂർച്ചയുള്ള ആയുധമുപയോഗിച്ച് കവിളിലും കഴുത്തിലും നടുവിനും കുത്തി പരിക്കേല്പിച്ചതായും കെർണയിൽ സിംഗ് തൃക്കാക്കര പോലീസിനു മൊഴി നൽകി. വിവിധ വകുപ്പകൾ ചുമത്തി കണ്ടാലറിയാവുന്ന പ്രതികളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ട് കോടതിക്കു നൽകിയതായും തൃക്കാക്കര പോലീസ് അറിയിച്ചു.
ഡിസംബർ 23 ന് രാത്രിയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 100 ലധികം കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപിച്ചിരുന്നു.
ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരം യഥാസമയം രക്ഷിതാക്കളെ എൻസിസി ഓഫീസർ അറിയിച്ചില്ലെന്ന പരാതിയുമായെത്തിയ രക്ഷിതാക്കളേയും നാട്ടുകാരേയും അകത്തേക്ക് പ്രവേശിക്കാൻ തയാറാവാതെ വന്നതോടെയാണ് ഗേറ്റ് തുറന്ന് അകത്ത് പ്രവേശിച്ചവരുമായി ക്യാമ്പിനുള്ളിൽ സംഘർഷമുണ്ടായത്. ഭക്ഷ്യവിഷബാധയെത്തുടർന്ന് എൻസിസി ക്യാമ്പിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.