ആലുവയിൽ അനധികൃത അറവുശാലകൾ പെരുകുന്നു; നടപടിയെടുക്കാതെ ആരോഗ്യ വകുപ്പ്
1489907
Wednesday, December 25, 2024 2:00 AM IST
ആലുവ: അനധികൃത അറവുശാലകളിൽ നിന്ന് വൻതോതിൽ ഇറച്ചി ഉത്പന്നങ്ങൾ ആലുവയിലും സമീപ പഞ്ചായത്തുകളിലും വിൽക്കുന്നതായി പരാതി. പൊതുജനാരോഗ്യത്തിന് ഭീഷണിയായിട്ടും ആരോഗ്യ വകുപ്പ് നടപടികളെടുക്കുന്നില്ലെന്നാണ് ആരോപണം.
വെറ്റിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന മൃഗങ്ങളെയാണ് കശാപ്പ് ചെയ്യുന്നതെന്ന് ഉറപ്പാക്കാനുള്ള യാതൊരു സംവിധാനവും ആലുവ നഗരസഭയിലോ സമീപ പഞ്ചായത്തുകളിലോ ഇല്ല.
സർക്കാർ അംഗീകൃത കശാപ്പുശാല കലൂരിൽ മാത്രമാണ് ഉള്ളത്. അവിടെ കൊണ്ടു പോകേണ്ടതിന് പകരം തുറസായ സ്ഥലങ്ങളിൽ കശാപ്പു ചെയ്യുന്നതായും പരാതിയുണ്ട്.
പൊതുസ്ഥലത്ത് പ്രവർത്തിക്കുന്ന മാംസ വിൽപന ശാലകൾക്ക് ലൈസൻസ് ഉണ്ടോയെന്ന കാര്യം മാത്രമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. കലൂരിലെ അറവുശാലയിൽ പരിശോധിച്ച് കശാപ്പ് ചെയ്തതാണെന്നുള്ള രേഖകൾ പലരുടേയും കൈയിൽ ഉണ്ടാകാറുമില്ല.
1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 453, കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 230 എന്നിവ പ്രകാരം അറവുശാലകൾ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ് നിർബന്ധമാണ്. 2000 ലെ അറവുശാല ചട്ടം, 2010 ലെ സർക്കാർ സർക്കുലർ എന്നിവയും ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
അനധികൃത അറവ് ശാലകൾക്ക് എതിരെ നടപടികൾ ആവശ്യപ്പെട്ട ജില്ലാ ജോയിന്റ് ഡയറക്ടർക്ക് വിവരാവകാശ പ്രവർത്തകൻ രാഹുൽ പരാതി നൽകി. സാംക്രമിക രോഗങ്ങൾ പടരുന്ന സാഹര്യം മുൻനിർത്തി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.