സമാധാനത്തിന്റെ സന്ദേശവുമായി ഹോളി മാഗി ഫൊറോന പള്ളിയുടെ ടൗണ്‍ കാരൾ
1489565
Tuesday, December 24, 2024 4:25 AM IST
മൂവാറ്റുപുഴ : സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ ടൗണ്‍ കാരൾ ഒരുക്കി. ഗാനാലാപനങ്ങളോടൊപ്പം പൂജ രാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും സാന്താക്ലോസിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ ടാബ്ലോയും, ഉണ്ണി മിശിഹായും പരിശുദ്ധി അമ്മയും പിതാവും അടങ്ങുന്ന തിരുക്കുടുംബത്തിന്റെ ടാബ്ലോയും, 50 ഓളം കുട്ടികൾ അടങ്ങുന്ന മാലാഖ വൃന്ദവും അണിനിരന്നപ്പോൾ മൂവാറ്റുപുഴ നഗരം ബത്ലേഹം നഗരി പോലെയായി. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയിൽ നിന്നും ആരംഭിച്ച കാരൾ കെഎസ്ആർടിസി ബസ്റ്റാൻഡ് വഴി ആരക്കുഴ റൂട്ടിൽ പ്രവേശിച്ച് തിരിച്ചു പള്ളി അങ്കണത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന കാരൾ സംഗീത സായാഹ്നം മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന അധ്യക്ഷൻ തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എംഎൽഎ ആശംസകൾ നേർന്നു. സംഗീത സദസ് ഗ്ലോറിയ 2024ൽ പതിമൂന്ന് ടീമുകളിലെ മുന്നൂറോളം പേർ ഗാനങ്ങളാലപിച്ചു. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ നെടുന്പുറത്ത്, മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം, കൈകാരന്മാർ, ജനപ്രതിനിധികൾ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, സമർപ്പിതർ എന്നിവർ നേതൃത്വം നൽകി.