തൃപ്പൂണിത്തുറയിലെ അവിശ്വാസം: യുഡിഎഫ്, ബിജെപി കൈയാങ്കളി
1489583
Tuesday, December 24, 2024 4:56 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലെ അവിശ്വാസപ്രമേയത്തെ ചൊല്ലി കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. നഗരസഭ ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ ചെയർപേഴ്സണിനും വൈസ് ചെയർമാനുമെതിരേ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് മുനിസിപ്പൽ കവാടത്തിലെ ബഹളത്തിൽ കലാശിച്ചത്.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന കൗൺസിൽ ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിൽ ഭരണസമിതിക്കെതിരേ പ്രതിഷേധ ധർണ നടത്തുമെന്ന് യുഡിഎഫ് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാവിലെ കൗൺസിലിൽ ഹാജരായ സിപിഎം അംഗങ്ങൾ, ബിജെപി കൗൺസിലർമാർ കടന്നുവന്നതോടെ കൗൺസിൽ ഹാളിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഇതേ തുടർന്ന് കൗൺസിൽ ഹാളിൽ തനിച്ചായ ബിജെപി അംഗങ്ങൾ നഗരസഭാ കവാടത്തിലെത്തി യുഡിഎഫിനും ഭരണപക്ഷത്തിനുമെതിരേ പ്രതിഷേധ ധർണ തുടങ്ങി.
കുറച്ചുകഴിഞ്ഞ് യുഡിഎഫ് അംഗങ്ങൾ നിശ്ചയിച്ചുറപ്പിച്ച സമയത്ത് പ്രതിഷേധിക്കാനായി നഗരസഭാ കവാടത്തിലെത്തിയതോടെയാണ് ഇരുപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായത്. തർക്കം രൂക്ഷമായതോടെ പരസ്പരം ഉന്തും തള്ളുമുണ്ടായി. ഇതോടെ പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും ശാന്തരാക്കാൻ ശ്രമിച്ചു. ബഹളം ശമിക്കാതായതോടെ പോലീസ് യുഡിഎഫ്കാരുടെ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് ബിജെപിക്കാരുടെയും മൈക്ക് ഓഫ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫുകാർ റോഡ് ഉപരോധിക്കാൻ തുടങ്ങിയതോടെ പോലീസ് ബിജെപിക്കാരുടെ മൈക്കും ഓഫ് ചെയ്തു.
ബഹളം തുടർന്നതിനിടയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യുഡിഎഫിന്റെ ധർണ ഉദ്ഘാടനം ചെയ്യാനെത്തി. ഡിസിസി പ്രസിഡന്റ് മൈക്കിൽ പ്രസംഗം തുടങ്ങിയതോടെ ബിജെപിയും മൈക്ക് ഉപയോഗിച്ച് പ്രതിഷേധിച്ചു. തൊട്ടടുത്തു നിന്ന് ഇരുകൂട്ടരും ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നതോടെ പോലീസ് യുഡിഎഫുകാരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ബിജെപി പക്ഷവും പിരിഞ്ഞുപോകുകയായിരുന്നു.