ഇരട്ട നേട്ടവുമായി അച്ഛനും മകനും
1489309
Monday, December 23, 2024 1:45 AM IST
ഉദയംപേരൂർ: ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഇരട്ട നേട്ടങ്ങളുമായി ഉദയംപേരൂർ സ്വദേശികളായ അച്ഛനും മകനും. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ചാമ്പ്യൻഷിപ്പിലാണ് ഉദയംപേരൂർ നടക്കാവിന് സമീപം കീച്ചേരിൽ കെ.എസ്. രതീഷ് 85 കിലോ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും, ടൈറ്റിൽ ചാമ്പ്യനുമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ ചാമ്പ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിലും, ഇതോടൊപ്പം എംജി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 75 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡലും നേടിയാണ് മകൻ കെ.ആർ. അർജുൻ ഇരട്ട നേട്ടം കരസ്ഥമാക്കിയത്.
2009 മുതൽ 2014 വരെ 85 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ട രതീഷ് 2012 മിസ്റ്റർ ഇന്ത്യ മത്സരത്തിൽ 75 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയിരുന്നു. വിദേശത്ത് ബോഡി ബിൽഡിംഗ് ട്രെയിനറായ രതീഷ് കഴിഞ്ഞ മാസമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി കേരളത്തിലെത്തിയത്. ബോഡി ബിൽഡിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന മഹാരാജാസ് കോളജിലെ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിയായ അർജുൻ സബ് ജൂണിയർ, ജൂണിയർ വിഭാഗങ്ങളിൽ ജില്ലാ കേരള മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.
ബോഡി ബിൽഡിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന രതീഷിന്റെ കുടുംബത്തിൽ ഭാര്യ ബീനയും മകൾ ആരാധ്യയും ബോഡി ബിൽഡിംഗ്, യോഗ പരിശീലനം തുടങ്ങിയവയുമായി സജീവമാണ്.