മരടിൽ ഫ്ലാറ്റുകൾ പൊളിച്ച സ്ഥലങ്ങൾ അമിക്കസ് ക്യൂറി സന്ദർശിച്ചു
1489573
Tuesday, December 24, 2024 4:56 AM IST
മരട്: മരടിൽ ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്ത് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ ഇന്നലെ രാവിലെ സന്ദർശനം നടത്തി. ഫ്ലാറ്റുകൾ നിലനിന്നിരുന്ന സ്ഥലത്ത് എത്രമാത്രം നിർമാണം അനുവദിക്കാമെന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് കൈമാറാനുള്ള സുപ്രീം കോടതി നിർദേശത്തെ തുടർന്നായിരുന്നു സന്ദർശനം. ഫ്ലാറ്റുകൾ നിലനിന്നിരുന്ന സ്ഥലവും പുഴയുമായുള്ള അകലവും നിരീക്ഷിച്ചു. പ്രദേശത്തിന്റെ വിസ്തീർണവും മറ്റു കണക്കെടുപ്പുകളും നടത്തിയാണ് അമിക്കസ് ക്യൂറി മടങ്ങിയത്.
ഫ്ലാറ്റ് പൊളിച്ചത് സംസ്ഥാന സർക്കാരിന്റെ കഴിവ്കേടു കൊണ്ട് മാത്രമാണെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. 343 കുടുംബങ്ങളെ വഴിയാധാരമാക്കിയത് സർക്കാർ നിശ്ചയിച്ച മൂന്നംഗസമിതി നൽകിയ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ഫ്ലാറ്റ് പൊളിച്ചത് സർക്കാരിന്റെയും മുൻ പഞ്ചായത്തിന്റെയും വീഴ്ചയായതിനാൽ സർക്കാർ തന്നെ എല്ലാ കുടുംബങ്ങൾക്കും ഫ്ലാറ്റ് നിർമിച്ചു നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
നിയമ വിരുദ്ധ നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ കേസിലുൾപ്പെടുത്തിയെങ്കിലും ഇതിന് നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് പ്രസിഡന്റെ കെ.എ. ദേവസിയെ ചോദ്യം പോലും ചെയ്യാതെ സർക്കാർ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
മൂന്നു തവണ ക്രൈംബ്രാഞ്ച് കെ.എ. ദേവസിയെ ചോദ്യം ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല. അന്നത്തെ പഞ്ചായത്ത് ഭരണസമിതിയിലെ എട്ട് അംഗങ്ങളും മുൻ പ്രസിഡന്റിനെതിരെ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയെങ്കിലും തുടർനടപടികൾ പിന്നീടുണ്ടായില്ലെന്നും ചെയർമാൻ പറഞ്ഞു.