സ്നേഹവീട് പദ്ധതി; പത്താമത്തെ വീടിന് തറക്കല്ലിട്ടു
1489318
Monday, December 23, 2024 1:46 AM IST
ആലുവ: മുപ്പത് കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നതിന് വ്യവസായ മന്ത്രി പി. രാജീവ് ആവിഷ്കരിച്ച 'വിധവകൾക്ക് ഒപ്പം' പദ്ധതിയുടെ ഭാഗമായുള്ള പത്താമത്തെ വീടിന്റെ തറക്കല്ലിട്ടു. കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര പരേതനായ പാറക്കൽപുത്തൻപുര വീട്ടിലെ യൂസഫിന്റെ ഭാര്യ ഐഷാ ബീവിക്ക് നിർമിക്കുന്ന വീടിനാണ് മന്ത്രി പി. രാജീവ് തറക്കല്ലിട്ടത്.
കടുങ്ങല്ലൂർ വാർഡംഗം ടി.കെ. ഷാജഹാൻ, വി.എം. ശശി, റമീന ജബ്ബാർ, മഹല്ല് ചീഫ് ഇമാം സദകത്തുള്ള ബാഖവി തുടങ്ങിയവർ സംസാരിച്ചു.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണം പൂർത്തിയാക്കുക. സ്നേഹവീട് പദ്ധതിയുടെ ഭാഗമായി നാലു വീടുകളുടെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു.