മൂവാറ്റുപുഴയിൽ ലാൻഡ് അക്വിസിഷൻ കോടതി പ്രവർത്തനമാരംഭിച്ചു
1489580
Tuesday, December 24, 2024 4:56 AM IST
മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ പുതിയതായി ലാൻഡ് അക്വിസിഷൻ കോടതി പ്രവർത്തനമാരംഭിച്ചു. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളെ ഉൾക്കൊള്ളിച്ചാണ് മൂവാറ്റുപുഴ കോടതിയിൽ പുതിയതായി ലാൻഡ് അക്വിസിഷൻ കോടതി പ്രവർത്തനമാരംഭിച്ചത്.
മൂവാറ്റുപുഴ കോടതി സമുച്ചയത്തിലെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ച ലാൻഡ് അക്വിസിഷൻ കോടതിയുടെ ഉദ്ഘാടനം ജസ്റ്റീസ് കെ. മുഹമ്മദ് മുഷ്താഖ് നിർവഹിച്ചു. മൂവാറ്റുപുഴ കോടതി സമുച്ചയത്തിലെ ഒന്‍പതാമത്തെ കോടതിയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ടോമി വർഗീസീനാണ് പുതിയ ലാൻഡ് അക്വിസിഷൻ കോടതിയുടെ ചുമതല. പുതിയ കോടതി വന്നതോടെ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള കേസുകൾ കൂടുതൽ വേഗത്തിൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ ഇത്തരം കേസുകൾ ഇതിന് മുൻപ് എറണാകുളത്താണ് നടന്നിരുന്നത്. പുതിയ ഒരു അഡീഷണൽ ജില്ലാ കോടതി കൂടി വരുന്നതോടെ കോടതി കോർട്ട് സെന്ററിന്റെ വികസനം പൂർണമാക്കുകയും ചെയ്യും. ഇതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇപ്പോഴത്തെ കോടതി സമുച്ചയത്തിലുണ്ട്.
ചടങ്ങിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് അധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് വിജു ചക്കാലക്കൽ, മുൻ പ്രസിഡന്റുമാരായ എൻ. രമേശ്, ജോഷി ജോസഫ്, ജോണി മെതിപ്പാറ, പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതികുമാർ, അസോസിയേഷൻ സെക്രട്ടറി ടോണി മേമന തുടങ്ങിയവർ പ്രസംഗിച്ചു.