ഫ്ളവര്‍ ഷോയില്‍ കൗതുകമായി ബ്രൊമിലിയാട്സ് ക്രിസ്മസ് ട്രീ
1489571
Tuesday, December 24, 2024 4:56 AM IST
കൊച്ചി: മറൈന്‍ഡ്രൈവിലെ കൊച്ചിന് ഫ്ളവര്‍ ഷോയില്‍ കാഴ്ചക്കാരെ ആകര്‍ഷിച്ച് ബ്രൊമിലിയാട്സ് ചെടികള്‍ കൊണ്ട് ഒരുക്കിയ ക്രിസ്മസ് ട്രീ. മെറൂണ്‍ ഉള്‍പ്പെടെ അഞ്ചു നിറങ്ങളിലുള്ള ബ്രൊമിലിയാട് ഉപയോഗിച്ച് ഒരുക്കിയ ഏഴ് അടി വലിപ്പമുള്ള ക്രിസ്മസ് ട്രീയാണ് സന്ദര്‍ശകരുടെ മുഖ്യശ്രദ്ധാകേന്ദ്രം. ഒരു ക്രിസ്മസ് ട്രീയില്‍ 70 ഓളം ചെടികള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. പൂനെയില്‍ നിന്ന് ഇറക്കുമതി ചെയ്ത് കേരളത്തില്‍ പരിപാലിച്ചവയാണ് ഇവ.
പൈനാപ്പിള്‍ കുടുംബത്തില്‍ നിന്നുള്ള ബ്രൊമിലിയാട്സ് പാതി തണലത്ത് നന്നായിട്ട് വളരും. വ്യത്യസ്ഥ നിറങ്ങളില്‍ ഉള്ള ഇലയുടെ ഭംഗിയാണ് ഈ ചെടിയെ കൂടുതല്‍ ആകര്‍ഷണവും സൗന്ദര്യവും ഉള്ളതാക്കുന്നത്. ഇത്രയധികം ഇനങ്ങളിലും വലിപ്പത്തിലുമുള്ള ബ്രൊമിലിയാട്സ് ആദ്യമായാണ് ഒരു ഫ്ളവര്‍ ഷോയില്‍ കാണാന്‍ അവസരം ലഭിക്കുന്നത്.
ഫ്ളവര്‍ ഷോയില്‍ 100 രൂപയുടെ ടിക്കറ്റ് എടുത്ത് സന്ദര്‍ശിക്കുന്ന ആദ്യത്തെ 300 പേര്‍ക്ക് ഇന്‍ഡോ-അമേരിക്കന്‍ ഹൈബ്രിഡ് സീഡ്സ് സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും. ഫ്ളവര്‍ ഷോയില്‍ എല്ലാ ദിവസും നടക്കുന്ന നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേര്‍ക്ക് കോമ്പോ എകസ്പേര്‍ട്ട് 800 രൂപ വിലമതിക്കുന്ന അഞ്ച് തരം വളങ്ങള്‍ അടങ്ങുന്ന വളം പായ്ക്കറ്റ് സമ്മാനമായി നല്‍കും.
ഇതുകൂടാതെ സന്ദര്‍ശകരുടെ ചെടി സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി കൃഷി ഓഫീസര്‍മാരുടെ അഗ്രി ക്ലീനിക് ഷോയില്‍ പ്രവര്‍ത്തന സജ്ജമാണ്. ജനുവരി ഒന്നു വരെ നടക്കുന്ന 41ാമത് കൊച്ചിന് ഫ്ളവര്‍ ഷോ എറണാകുളം ജില്ല അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ് അഥോറിറ്റിയും (ജിസിഡിഎ) ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. ഗ്രൂപ്പായി വരുന്ന കുട്ടികള്‍ക്ക് ആകര്‍ഷകമായ ഇളവുകളും ഉണ്ട്.