പേരണ്ടൂര്‍ കനാല്‍ നവീകരണം: ധാരണാപത്രം ഒപ്പുവച്ചു
1489316
Monday, December 23, 2024 1:46 AM IST
കൊച്ചി: തേവര പേരണ്ടൂര്‍ കനാല്‍ നവീകരണത്തിന് മുന്നോടിയായുള്ള പഠനത്തിന് എഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന് (ആസാദി)നും സെന്റര്‍ ഫോര്‍ ഹെറിട്ടേജ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റും (സിഹെഡ്) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ആസാദി ചെയര്മാന് പ്രഫ. ബി.ആര് അജിതും സിഹെഡ് ഡയറക്ടര്‍ ഡോ. രാജനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
നഗരപുനരുജ്ജീവന പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനം . കനാലിന്റെ പാരിസ്ഥിതികവും സാംസ്ക്കാരികവും ചരിത്രപരവുമായ പ്രാധാന്യം കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനാണ് പുനരുജ്ജീവന പദ്ധതി വഴി ലക്ഷ്യംവയ്ക്കുന്നത്. ഇതിനാവശ്യമായ രൂപകല്‍പ്പന നിര്‍ദേശങ്ങള്‍, വാസ്തുവിദ്യാ ആശയങ്ങള്‍, സുസ്ഥിരമായ ചട്ടക്കൂടുകള്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കലും എംഒയുവിന്റെ ഭാഗമാണ്.
ആര്ക്കിടെക്ടര്മാരായ ശോഭിത, ഷിബിലി, അതുല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആസാദി ആര്‍ക്കിടെക്ട് ഒമ്പതാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ഗവേഷണവും പഠന റിപ്പോര്‍ട്ടും തയാറാക്കുന്നത്.