ഉടുമ്പിനി മലയിലെ മണ്ണ് ഖനനം പ്രദേശവാസികൾ തടഞ്ഞു
1489577
Tuesday, December 24, 2024 4:56 AM IST
കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ ഏട്ടാം വാർഡ് മരങ്ങാട്ടുള്ളി ഉടുമ്പിനി മലയിൽ മണ്ണെടുത്ത് കടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. സാധാരണക്കാരായ ജനവിഭാഗങ്ങൾ തിങ്ങി താമസിക്കുന്ന പുതനക്കുഴി പ്രദേശത്താണ് വ്യാപക മണ്ണെടുപ്പിന് ശ്രമം നടക്കുന്നത്. വർഷത്തിൽ ആറുമാസമെന്നോണം കുടിവെള്ള ടാങ്കറുകളെ ആശ്രയിച്ചാണ് ഇവിടുത്തുകാർക്ക് കുടിവെള്ളം ലഭ്യമാകുന്നത്. പന്ത്രണ്ട് ഏക്കറോളം വ്യാപിച്ച് കിടക്കുന്ന മലയുടെ വലിയ ഭാഗം മണ്ണ് ഖനനം ചെയ്തെടുക്കാനാണ് മണ്ണ് മാഫിയ ശ്രമം നടത്തുന്നത്.
വിഷയത്തിൽ ശക്തമായ ചെറുത്തു നില്പ് നടത്താനാണ് പ്രദേശവാസികളുടെ ശ്രമം. ഈ മല തുരന്ന് മണ്ണ് കടത്തിയാൽ പ്രദേശത്തിന്റെ പല ഭാഗവും വറ്റി വരളുമെന്നും ഇത് അനേക കുടുംബങ്ങളുടെ ജീവിതങ്ങളെ ബാധിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ സൂചന നല്കുന്നു.
വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ പ്രദേശവാസികളും പ്രദേശത്തെ പൊതു പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ഇന്നലെ വിപുലമായ യോഗം വിളിച്ച് കൂട്ടി ശക്തമായ സമരത്തിന് നേതൃത്വം നല്കാൻ തീരുമാനമെടുത്തിട്ടുണ്ട്. വിഷയത്തിൽ പഞ്ചായത്ത് , വിവിധ വകുപ്പുകൾക്ക് പരാതിയും കൈമാറിയിട്ടുണ്ട്.