മലയാറ്റൂരിന്റെ നക്ഷത്ര രാവുകൾക്ക് തുടക്കമായി; 10,024 നക്ഷത്രങ്ങൾ മിഴി തുറന്നു
1490089
Friday, December 27, 2024 3:13 AM IST
മലയാറ്റൂര്‍: മലയാറ്റൂരിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടി നക്ഷത്രത്തടാകം മെഗാ കാര്‍ണിവെലിന് തിരി തെളിഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയാണ് കാർണിവലിന് തിരിതെളിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചന്, പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരന്‍, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, സമിതി ചെയര്മാന് സിജു മലയാറ്റൂര്‍, പ്രോജക്ട് ഡയറക്ടര്‍ വില്‍സണ്‍ മലയാറ്റൂര്‍, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നക്ഷത്രക്കൂട്ടങ്ങൾ മിന്നി തെളിഞ്ഞതോടെ ഉത്സവ കാഴ്ചകൾ കാണാൻ ജനം പ്രവഹിച്ചു തുടങ്ങി. കാര്‍ണിവലില്‍ പങ്കെടുക്കാനെത്തുന്ന പതിനായിരക്കണക്കിന് ആളുകളുടെ സുരക്ഷ ഉറപ്പ് വരുത്തി സുഗമമായി കാര്‍ണിവല്‍ ആസ്വദിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സംഘാടക സമിതിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. 110 ഏക്കർ വിസ്തൃതിയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന മണപ്പാട്ട് ചിറയ്ക്ക് ചുറ്റും 10,024 നക്ഷത്രങ്ങളാണ് തെളിച്ചിരിക്കുന്നത്.
പല വർണങ്ങളിലുള്ള നക്ഷത്രങ്ങളാണ് താടാകത്തിനു ചുറ്റും തൂക്കിയിരിക്കുന്നത്.
നക്ഷത്രത്തടാക കാർണിവെൽ ആസ്വദിക്കുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ ഈ ദിവസങ്ങളിൽ ഇവിടെയെത്തും. നയന മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടെയെത്തുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
വിവിധ വർണങ്ങളിലുള്ള നക്ഷത്രങ്ങൾ, വൈദ്യുത ദീപാലങ്കാരങ്ങൾ, വിവിധ തരം റൈഡുകൾ ഉള്ള അമ്യൂസ്മെന്റ് പാർക്ക്, 76 അടി ഉയരമുള്ള ഭീമാകാരനായ കൂറ്റൻ പപ്പാഞ്ഞി, ഫുഡ് കോർട്ടുകൾ, ബോട്ടിംഗ്, വിവിധതരം വില്പന ശാലകൾ എന്നിങ്ങനെ നിരവധി കാഴ്ചകളാണിവിടെയുള്ളത്. പപ്പാഞ്ഞിയുടെ നിർമാണം പൂർത്തിയായി .
31ന് പുതുവർഷത്തെ വരവേറ്റ് ഡിജെ പ്രോഗ്രാമും അതിനു ശേഷം പപ്പാഞ്ഞിയ്ക്ക് തീ കൊളുത്തലും നടക്കുന്നതോടെ ഈ കാർണിവൽ അവസാനിക്കും. ജനകീയ വികസന സമിതിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തുടർച്ചയായ 10-ാം വർഷമാണ് മലയാറ്റൂർ മലയടിവാരത്ത് നക്ഷത്രത്തടാകം മെഗാ കാർണിവെൽ നടത്തുന്നത്. പ്രശസ്ത കലാകാരന് ഡാവിഞ്ചി സുരേഷ് തയാറാക്കുന്ന പ്രത്യേക കലാസ്യഷ്ടിയും പ്രശസ്ത കലാകാരന് കെ.എസ്. പ്രസാദും സംഘവും അവതരിപ്പിക്കുന്ന ഗിന്നസ് മെഗാഷോയും ഫ്ളോട്ടിംഗ് പാപ്പാഞ്ഞിയും ഒക്കെ ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടും.