കടുവേലി പാടശേഖരത്തിൽ നെല്ല് വിതച്ച കർഷകർ ദുരിതത്തിൽ
1489321
Monday, December 23, 2024 1:46 AM IST
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കടുവേലി പാടശേഖരത്തെ പത്ത് ഏക്കർ പാടത്ത് വിത്ത് വിതച്ച കർഷകർ ദുരിതത്തിൽ. തൃശൂർ മണ്ണുത്തി കാർഷിക കേന്ദ്രത്തിൽനിന്ന് വിത്ത് വാങ്ങി കൃഷി ചെയ്ത കർഷകരാണ് പ്രതിസന്ധിയിലായത്.
മാറാടി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ 10ഓളം കാർഷകരാണ് പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ഇറക്കിയത്. നെല്ല് വിതച്ച് 130 ദിവസങ്ങൾക്കുശേഷം വിളവെടുക്കേണ്ട നെല്ല് 21 ദിവസങ്ങൾക്കുള്ളിൽ കതിര് അണിഞ്ഞതാണ് കർഷകരെ ദുരുതത്തിലാക്കിയത്. 52 രൂപ നിരക്കിൽ ഉമ ഇനത്തിൽപ്പെട്ട നെൽ വിത്താണ് വാങ്ങിയതെന്നും എന്നാൽ ലഭിച്ചത് മറ്റെതോ ഇനത്തിൽപ്പെട്ട നെൽവിത്താണെന്നും ഇതുമൂലം കൃഷിയിറക്കാൻ മുടക്കായ അഞ്ച് ലക്ഷത്തോളം രൂപ നഷ്ടമായതായും കർഷകർ പറയുന്നു.
വിത്തിറക്കി ആദ്യഘട്ട വളം മാത്രമാണ് ചെയ്തതെന്നും രണ്ടാംഘട്ട വളം ചെയ്യാൻ വന്നപ്പോഴാണ് നെല്ല് കതിര് അണിഞ്ഞ് കണ്ടത്.
കർഷകർ പരാതി നൽകിയതിനെ തുടർന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കടം വാങ്ങിയാണ് ഭൂരിഭാഗം കർഷകരും കൃഷി ഇറക്കിയത്.
ഇതിന് മുൻപും ഉമ ഇനത്തിൽപ്പെട്ട വിത്ത് കൃഷി ചെയ്തിട്ടുണ്ടെന്നും ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്നും കർഷകർ പറഞ്ഞു. ഞാറു നടാൻ മുടക്കിയ പൈസപോലും കതിരണിഞ്ഞ നെല്ല് മൂപ്പെത്തിയാൽ കർഷകന് തിരികെ ലഭിക്കുകയില്ല.
കൃഷി വകുപ്പ് ജീവനക്കാരുടെ പിഴവ് മൂലം വലിയ നഷ്ടമാണ് 10 ഓളം വരുന്ന നെൽകർഷകർക്ക് വന്നിരിക്കുന്നത്. തങ്ങൾക്ക് വേണ്ടനഷ്ടപരിഹാരം ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.