സർക്കാർ വിദ്യാലയങ്ങൾ തമ്മിൽ അതിർത്തി തർക്കം: പുതിയ ലാബ് കെട്ടിട ഉദ്ഘാടനം നീളുന്നു
1489911
Wednesday, December 25, 2024 2:00 AM IST
ആലുവ: ഒരേ കോമ്പൗണ്ടിലെ സർക്കാർ വിദ്യാലയങ്ങൾ തമ്മിൽ തർക്കവും കേസും മുറുകിയതോടെ ആലുവ ഗവ. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു. ചടങ്ങിനായുള്ള പന്തലിടാനായി നടത്തിയ ഒരുക്കങ്ങൾ കേസായതോടെയാണ് മന്ത്രി പിൻമാറിയത്.
ഉദ്ഘാടനത്തിനായി ഐഎച്ച്ആർഡിയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് വരേണ്ടത്. നിലവിലെ തിരക്ക് കഴിഞ്ഞിട്ട് തിയതി തരാമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ സമീപത്തെ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളുമായുള്ള അതിർത്തി തർക്കമാണ് ഉദ്ഘാടനം നീണ്ടു പോകാൻ കാരണം. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടത്തിലായിരുന്നു ആദ്യം ലാബുകൾ പ്രവർത്തിച്ചിരുന്നത്.
പുതിയ കെട്ടിടം നിർമിക്കാനെന്ന പേരിൽ ഒരു വർഷം മുമ്പ് ഈ കെട്ടിടം പൊളിച്ചതോടെയാണ് ടെക്നിക്കൽ സ്കൂളിന് ലാബുകൾ ഇല്ലാതായത്. താഴെ മൂന്ന് ക്ലാസ് മുറികൾ, മുകളിൽ മൂന്ന് ലാബുകൾ എന്നിവയാണ് 1.70 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൽ ഉള്ളത്. കംപ്യൂട്ടർ വിഭാഗത്തിന് മാത്രം ചെറിയ ലാബ് സൗകര്യമുണ്ട്.
ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ സ്കൂൾ മുറ്റത്ത് പന്തലൊരുക്കുന്നതിന് സ്ഥലവും തയാറാക്കിയിരുന്നു. പക്ഷെ ഒരുക്കിയ സ്ഥലത്തെ മണ്ണ് ബോയ്സ് സ്കൂൾ അധികൃതർ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തത് തർക്കത്തിൽ കലാശിക്കുകയായിരുന്നു. ഇരു വിഭാഗവും പരസ്പരം കേസ് നൽകിയിരിക്കുകയാണ്.1998 ലാണ് ബോയ്സിൽ ഹയർ സെക്കൻഡറി ആരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം നിർത്തലാക്കി.
2004 ൽ ടെക്നിക്കൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഹയർ സെക്കണ്ടറിയിൽ 715 വിദ്യാർഥികളും ടിഎച്ച്എസ്എസിൽ 200ഓളം വിദ്യാർഥികളുമാണ് പഠിക്കുന്നത്.
ആകെയുള്ള നാല് ഏക്കർ സ്ഥലത്ത് 70 സെന്റ് നൽകണമെന്നാവശ്യപ്പെട്ട് നവകേരള സദസിൽ ടെക്നിക്കൽ സ്കൂൾ അധികൃതർ നിവേദനം നൽകിയതാണ് ഇരു വിദ്യാലയങ്ങളും തമ്മിൽ പ്രശ്നത്തിന് കാരണമായത്.