എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
1489302
Monday, December 23, 2024 1:45 AM IST
കൊച്ചി: നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് കിലോയിലധികം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശിയെയും, എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശികളായ യുവാക്കളെയും പിടികൂടി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ലലന്‍ ഷേഖ് (32), മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം (26), ഷാഹിദ് (25), ആലപ്പുഴ പാണാവള്ളി സ്വദേശി ഷാറുഖ് (25) എന്നിവരെയുമാണ് കൊച്ചി സിറ്റി ഡാന്‍സാഫ് ടീം പിടികൂടിയത്. എറണാകുളം മാര്‍ക്കറ്റ് റോഡില്‍ നടത്തിയ പരിശോധനയിലാണ് ലാലന് ഷേഖ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 3.461 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കൊച്ചി ഡാന്‍സാഫ് ടീമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
മട്ടാഞ്ചേരി പോലീസ് എം. നാസര്‍ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1.51 ഗ്രാം എംഡിഎംഎയുമായി മറ്റു മൂന്ന് പേരെ പിടികൂടിയത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും വര്‍ധിക്കുവാനുള്ള സാധ്യത മുന്നില്‍ കണ്ട് നഗരത്തില്‍ വ്യാപക പരിശോധനയാണ് നടന്നുവരുന്നത്.