എറണാകുളം ചിൽഡ്രൻസ് പാർക്കിൽ നാലു വയസുകാരന് നേരെ തെരുവുനായ ആക്രമണം
1489169
Sunday, December 22, 2024 6:55 AM IST
കോലഞ്ചേരി: എറണാകുളം ചിൽഡ്രൻസ് പാർക്കിൽ നാലു വയസുകാരനായ ബാലനു നേരെ തെരുവുനായയുടെ ആക്രമണം. പുത്തൻ കുരിശിനടുത്ത് വടവുകോട് സ്വദേശികളായ ദമ്പതികളുടെ ഇളയ കുട്ടിയാണ് തെരുവുനായയുടെ ആക്രമണത്തിനിരയായത്.
ക്രിസ്മസ് അവധി ആഘോഷിക്കാൻ ഇന്നലെ വൈകിട്ട് നാലരയോടെയാണ് മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കുട്ടി എറണാകുളം ചിൽഡ്രൻസ് പാർക്കിലെത്തിയത്. കളികൾക്കു ശേഷം പിതാവിനൊപ്പം പാർക്കിൽ തന്നെയുള്ള കടയിൽ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുറകിലൂടെ വന്ന തെരുവ് നായ കുട്ടിയെ കടിച്ച് വലിച്ചത്.
സമീപത്ത് തന്നെയുണ്ടായിരുന്ന മാതാപിതാക്കൾ കുട്ടിയുടെ കരച്ചിൽ കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ നായ കുട്ടിയെ കടിച്ച് നിലത്തിട്ടിരിക്കുന്നതാണ് കണ്ടത്. കുട്ടിയുടെ ഇടതു കൈ നായയുടെ വായ്ക്ക് ഉള്ളിലായിരുന്നു. ഏറെ പണിപ്പെട്ടാണ് നായയുടെ വായിൽ നിന്നും കുട്ടിയെ വിടുവിച്ചെടുത്തതെന്ന് മാതാപിതാക്കൾ പറഞ്ഞു. നായ കടിച്ചു പിടിച്ചതിനെ തുടർന്ന് ശരീരത്തിൽ മൂന്നിടങ്ങളിൽ മുറിവേറ്റിട്ടുണ്ട്. ഉടൻ തന്നെ തൊട്ടടുത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടി.