ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാർഥി മരിച്ചു
1489295
Sunday, December 22, 2024 11:14 PM IST
മൂവാറ്റുപുഴ: പുഴയിൽ ഒഴുക്കിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർഥി മരിച്ചു. മാറാടി മാളിയേക്കാത്തടത്തിൽ ബെന്നിയുടെ മകൻ അഭിൽ (16) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മൂന്നിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വാളകം പാണാട്ടുതോട്ടം കടവിലായിരുന്നു സംഭവം. കൂട്ടുകരോടൊപ്പം കടവിന് സമീപത്തെ ടർഫിൽ കളിച്ചശേഷം മുഖം കഴുകുന്നതിനായി പുഴയിൽ ഇറങ്ങുന്നതിനിടെ അഭിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ പ്രദേശവാസികളെ വിവരമറിയിച്ചു. ഉടൻ അവരെത്തി അഭിലിനെ കരയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന രക്ഷാസേന സംഭവസ്ഥലത്ത് എത്തി അഭിലിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പു.
മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം പിന്നീട്. മാതാവ്: ഷൈനി. സഹോദരൻ: അതുൽ.