ആലുവ നഗരസഭാ പാർക്കിൽ ക്രിസ്മസ് ആഘോഷിച്ച് "ചങ്ങാതിക്കൂട്ടം'
1489177
Sunday, December 22, 2024 6:56 AM IST
ആലുവ: ശാരീരിക പരിമിതികൾ മൂലം വീടുകളിൽ പഠനം തുടരാൻ നിർബന്ധിതരായ വിദ്യാർഥികൾക്കായി ആലുവ മുനിസിപ്പൽ പാർക്കിൽ ക്രിസ്മസ്- നവവത്സര ആഘോഷ പരിപാടിയായ 'ചങ്ങാതിക്കൂട്ടം' നടന്നു. ആലുവ നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ആലുവ ബിപിസി ആർ.എസ്. സോണിയ അധ്യക്ഷയായി. ട്രെയിനർ സാബു ജോർജ്, വി.ജെ. ഡോളി, ആലുവ നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തുറ, ഫാസിൽ ഹുസൈൻ, മിനി ബൈജു, കൗൺസിലർമാരായ ജയകുമാർ, ശ്രീലത വിനോദ് എന്നിവർ പ്രസംഗിച്ചു.
ശാരീരിക പരിമിതി കാരണം വിദ്യാലയങ്ങളിൽ പോകാനാകാതെ വീട്ടിലിരുന്ന പഠനം തുടരുന്ന ആലുവ ഉപജില്ലയിലെ മുപ്പതോളം ഭിന്നശേഷി വിദ്യാർഥികളാണ് ആലുവയിൽ ഒത്തുകൂടിയത്. ബിആർസി അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ വിദ്യാർഥികൾക്ക് വീട്ടിൽ വിദ്യാഭ്യാസം നൽകുന്നത്.
ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും ചങ്ങാതിക്കൂട്ടത്തിൽ പങ്കാളിയായി. പെരിയാറിൽ തീരത്തെ നഗരസഭ പാർക്കിൽ ആദ്യമായി എത്തിയവരാണ് ഭൂരിഭാഗം പേരും. ഒരു പകൽ മുഴുവൻ കളിയും ചിരിയുമായി ചെലവിട്ടത് എല്ലാവർക്കും പുത്തൻ അനുഭവമായി.
ക്രിസ്മസ് സമ്മാനങ്ങളുമായാണ് വിദ്യാർഥികൾ മടങ്ങിയത്. ഇതു കൂടാതെ ഇവർ എൻറോൾ ചെയ്ത സ്കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും നേതൃത്വത്തിൽ ഇവരുടെ വീടുകളിലേക്ക് ഇന്ന് മുതൽ സമ്മാനങ്ങളുമായി സന്ദർശനം നടത്തും.