യാത്രക്കാരനോട് മോശം പെരുമാറ്റം: ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മര്യാദ പഠിക്കാൻ പരിശീലനം
1489190
Sunday, December 22, 2024 6:56 AM IST
ആലുവ: റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത യാത്രക്കാരനായ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരെ മോട്ടോർ വകുപ്പ് നിർബന്ധിത പരിശീലനത്തിന് വിട്ടു. സീനത്ത് തിയറ്റർ വഴി പോകാതെ പമ്പ് കവലയിൽ നിന്ന് തിരിഞ്ഞ് പോകാൻ ശ്രമിച്ച കെഎൽ 07 ബിഇ 5638 എന്ന രജിസ്ട്രേഷൻ നമ്പർ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയുമാണ് മര്യാദയോടെയുള്ള പെരുമാറ്റം പഠിക്കാൻ പരിശീലനത്തിന് അയച്ചത്.
കഴിഞ്ഞ 10ന് ഇടപ്പള്ളി ടോളിൽനിന്ന് ആലുവ മജിസ്ട്രേറ്റ് കോടതി വരെ യാത്ര ചെയ്യാനാണ് അഭിഭാഷകൻ ബസിൽ കയറിയത്. എന്നാൽ ആലുവയിൽ സീനത്ത് തിയറ്റർ വഴി പോകേണ്ട ബസ് പന്പ് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ അഭിഭാഷൻ എതിർത്തു. മോട്ടോർ വകുപ്പിന് പരാതി നൽകുമെന്ന് പറഞ്ഞതോടെ ബസ് സീനത്ത് തിയറ്റർ വഴി തന്നെ പോകുകയായിരുന്നു.
എന്നാൽ സ്റ്റോപ്പിൽ അഭിഭാഷകൻ ഇറങ്ങുന്നത് വരെ മോശമായ പദപ്രയോഗങ്ങൾ നടത്തി. തുടർന്ന് മോട്ടോർ വകുപ്പിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെഹിക്കിൾ ഇൻസ്പെക്ടർ സന്തോഷാണ് ബസ് ജീവനക്കാരെ പരിശീലനത്തിന് ശിപാർശ ചെയ്തത്.