ഹെറോയിനുമായി അസം സ്വദേശി പിടിയിൽ
1489189
Sunday, December 22, 2024 6:56 AM IST
പെരുമ്പാവൂർ: ഹെറോയിനുമായി ആസം സ്വദേശി കൈറുൾ ഇസ്ലാമി(34)നെ കുന്നത്തുനാട് എക്സൈസ് സംഘം പിടികൂടി. ഇയാളുടെ പക്കൽ നിന്ന് 6.404 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പരിസരത്ത് നിന്നാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്.
ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ടെമ എന്ന് അറിയപ്പെടുന്ന ഹെറോയിൻ ചെറിയ കുപ്പികളിലാക്കി ഭായി ബീഡി കവറിനുള്ളിൽ പായ്ക്ക് ചെയ്താണ് പ്രതി വില്പന നടത്തിയിരുന്നത്.
രാത്രി 10ന് ഇടപാടുകാരെ കാത്ത് സ്വകാര്യ ആശുപത്രിയുടെ പിൻവശത്ത് നിൽക്കുമ്പോളാണ് പ്രതി എക്സൈസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സലീം യൂസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. അനുരാജ്, എം.ആർ. രാജേഷ്, സി.എം. നവാസ്, ഡ്രൈവർ ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.