തൃപ്പൂണിത്തുറ നഗരസഭയിലെ ബിജെപി അവിശ്വാസം; യുഡിഎഫ് വിട്ടുനിൽക്കും
1489186
Sunday, December 22, 2024 6:56 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ ഭരണസമിതിക്കെതിരെ ബിജെപി നൽകിയിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ വിട്ടു നിൽക്കാൻ പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചതായി കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
49 അംഗങ്ങളുള്ള കൗൺസിലിൽ എൽഡിഎഫ്-23, ബിജെപി-17, യുഡിഎഫ്-8, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില.
കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപിയോട് കൈകോർത്ത സമീപനം സിപിഎമ്മിനും എൽഡിഎഫിനുമുണ്ടെങ്കിലും അതേ നാണയത്തിൽ സിപിഎമ്മിനെ തിരിച്ചാക്രമിക്കാൻ ബിജെപിയെ ഉപയോഗിക്കുന്നത് മതേതരത്വത്തിന്റെ ആശയങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതിന് തുല്യമാകുമെന്ന് ബോധ്യമുള്ളതിനാലാണ് അവിശ്വാസത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്നും നേതാക്കൾ അറിയിച്ചു.
ഭരണസമിതിക്കെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ നഗരസഭയ്ക്ക് മുന്നിൽ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുമെന്നും കോൺഗ്രസ് നേതാക്കളായ രാജു പി. നായർ, ആർ. വേണുഗോപാൽ, പി.സി. പോൾ, കെ.വി. സാജു എന്നിവർ പറഞ്ഞു.