കരുവേലിപ്പടിയിൽ നാല് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു
1489191
Sunday, December 22, 2024 6:56 AM IST
മട്ടാഞ്ചേരി: കരുവേലിപ്പടിയിലുണ്ടായ വൻ തീ പിടുത്തത്തിൽ നാലു വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാ സേന വിഭാഗം പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. മര ഉരുപ്പടികൾ വില്പന നടത്തുന്ന ലിൻഷാദ് വുഡ് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സ്പോർട്സ് ഉപകരണങ്ങൾ വില്പന നടത്തുന്ന ഷിബു റഹാന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് ഇഎസ്ആർഎസ് ഹൗസിൽ ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. അലൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ലോറൻസ് ഫാൻസി ഷോപ്പിൽ 50,000 രൂപയുടെ നഷ്ടവും കണക്കാക്കുന്നു. കെ. അബ്ദുൽ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ആസ്ബറ്റോസ് സാനിറ്ററി വിതരണ സ്ഥാപനത്തിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.
മട്ടാഞ്ചേരി, ഗാന്ധി നഗർ, തൃപ്പുണിത്തുറ സ്റ്റേഷനുകളിൽ നിന്നായി അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ മൂന്നു മണിക്കൂർ നേരത്തേ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.