പൊന്നുരുന്നി ഈസ്റ്റിലെ അങ്കണവാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
1489188
Sunday, December 22, 2024 6:56 AM IST
കൊച്ചി: പൊന്നുരുന്നി ഈസ്റ്റില്‍ നാരായണാശാന്‍ റോഡിലുള്ള അങ്കണവാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ വ്യാഴാഴ്ച അങ്കണവാടിയില്‍ എത്തിയ കുട്ടികള്‍ക്കാണ് ഛര്‍ദിയും വയറിളക്കവും പിടിപെട്ടത്. 23 കുട്ടികള്‍ ആകെയുള്ളത് 15 കുട്ടികളാണ് അന്നു വന്നത്. ഇതില്‍ 12 പേര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ സുഖംപ്രാപിച്ചു വരുന്നു.
ഇവര്‍ക്കാപ്പം ഭക്ഷണം കഴിഞ്ഞ മൂന്നു രക്ഷിതാക്കള്‍ക്കും ആയയ്ക്കും ഭക്ഷ്യവിഷബാധ ഉണ്ടായി. ഉച്ചയ്ക്ക് കഴിക്കാനായി നല്കിയ ഗോതമ്പ് ഉപ്പുമാവില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയം. സംഭവ ദിവസം അധ്യാപികയായ പൊന്നുരുന്നി സ്വദേശി ടെല്‍മ അവധിയായിരുന്നു. ആയയാണ് കാര്യങ്ങള്‍ നോക്കിയത്. തൊട്ടടുത്ത ദിവസവും ഇന്നലെയും ഭക്ഷ്യവിഷബാധ ഏല്‍ക്കാതിരുന്ന മൂന്ന് കുട്ടികള്‍ മാത്രം അങ്കണവാടിയില്‍ എത്തിയത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്.
കുടിവെള്ളത്തില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. വാട്ടര്‍ ടാങ്കില്‍ ചത്ത പാറ്റകളെ കണ്ടെത്തിയതായും ആരോപണമുണ്ട്. കോര്‍പറേഷന്റെയും ആരോഗ്യ വകുപ്പിന്റെയും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കുടിവെളള സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയി. പോലീസും സ്ഥലത്തെത്തി.
അതേസമയം സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന സംശയത്തിലാണ് കൗണ്‍സിലര്‍ അടക്കമുള്ള പ്രദേശവാസികള്‍. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ഡിവിഷന് കൗണ്‍സിലര്‍ ദിപിന് ദിലീപ് പറഞ്ഞു.