ഞാറയ്ക്കൽ ജയ് ഹിന്ദ് മൈതാനിയിൽനിന്നുള്ള അനധികൃത മണൽ കടത്ത് തടഞ്ഞു
1489180
Sunday, December 22, 2024 6:56 AM IST
വൈപ്പിൻ: നവീകരണം നടക്കുന്ന ഞാറക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് മൈതാനിയിൽ നിന്ന് മാറ്റിയ മണൽ അനധികൃതമായി കടത്തിയത് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ഗാന്ധി തടഞ്ഞു. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് മൈതാനത്തിന്റെ നവീകരണം നടത്തുന്നത്. മണൽ കയറ്റാൻ ഉപയോഗിച്ച വാഹനം തടഞ്ഞശേഷം കയറ്റിക്കൊണ്ടിരുന്ന മണൽ തിരിച്ച് ഇറക്കിയിടുവിക്കുകയും ചെയ്തു.
എന്നാൽ 100 ലോഡോളം മണൽ ഇതിനു മുമ്പായി കടത്തി സ്വകാര്യ വ്യക്തികളുടെ തോടും , മറ്റു തണ്ണീർ തടങ്ങളും നികത്തിയതായി തുടർന്നുള്ള അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.
പഞ്ചായത്തിന്റെ ആസ്തിയിൽ പെട്ട ഗ്രൗണ്ടിലെ മണ്ണിന്റെ അവകാശം പഞ്ചായത്തിനാണെന്നും മണ്ണ് മറിച്ചു വിറ്റവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
മണ്ണ് വിൽപ്പന പഞ്ചായത്തിലെ ഭരണപക്ഷത്തിന്റെ ഒത്താശയോടെയാണെന്ന് കോൺഗ്രസ് ആരോപിച്ചു.സംഭവത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൗമ്യ തോമസും ആവശ്യപ്പെട്ടു.