കൊച്ചി നഗരസഭ പത്താം ഡിവിഷന്റെ സാന്താ ഫിയസ്റ്റയ്ക്ക് ഇന്ന് തുടക്കം
1489184
Sunday, December 22, 2024 6:56 AM IST
മട്ടാഞ്ചേരി: കൊച്ചി നഗരസഭ പത്താം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടിയായ സാന്താ ഫിയസ്റ്റ-2024 ന് ഇന്ന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് വൈകിട്ട് ഏഴിന് ചുള്ളിക്കൽ ക്യൂൻസ് പാർക്കിൽ ഹൈബി ഈഡൻ എംപി ഫിയസ്റ്റ ഉദ്ഘാടനം ചെയ്യും. അലങ്കാര ദീപങ്ങളുടെ സ്വിച്ച് ഓൺ കർമം മേയർ എം. അനിൽകുമാർ നിർവഹിക്കും. 27,28 തിയതികളിലായി നടക്കുന്ന റസിഡന്റ്സ് ഫിയസ്റ്റ കെ.ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്യും. കൗൺസിലർ ബാസ്റ്റിൻ ബാബു അധ്യക്ഷത വഹിക്കും. ഇന്ന് കെടാമംഗലം മേള പൊലിമ ഫ്യൂഷൻ അരങ്ങേറും. തിങ്കളാഴ്ച തിരുവാതിര, മാർഗം കളി, ഒപ്പന, കൊച്ചിക്കാരുടെ കൈ കൊട്ടിപ്പാട്ട് എന്നിവ നടക്കും.
ചൊവ്വ വൈകിട്ട് ഏഴിന് ഗാനമേള, വ്യാഴം വൈകിട്ട് വയോജന സംഗമം, 29 ന് വൈകിട്ട് ഏഴിന് കരോക്കേ ഗാനമേള, നൃത്തനൃത്ത്യങ്ങൾ, അങ്കണവാടി കുട്ടികളുടെ കലാ പ്രകടനം, 30 ന് വൈകിട്ട് ഏഴരക്ക് ഡിജെ, 31 ന് മതമൈത്രി സംഗമം, ഐക്യദീപം തെളിയിക്കൽ എന്നിവയും ജനുവരി ഒന്നിന് മെഗാഷോയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ കൗൺസിലർ ബാസ്റ്റിൻ ബാബു, എ.പി. ജോസഫ്, എം.കെ. റിയാസ്,സി.പി. പൊന്നൻ,കെ.ബി. ബിജു, പി.ഡി. ജോൺ, കെ.എച്ച്. മുഹമ്മദ് ഇക്ബാൽ, ജി. മുരളീധരൻ എന്നിവരും പങ്കെടുത്തു.