കുടിവെള്ള കണക്ഷന്: മുണ്ടംവേലി ലൈഫ് ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഇളവുകള്‍ പരിഗണിക്കാന്‍ നിര്‍ദേശം
1489194
Sunday, December 22, 2024 6:56 AM IST
കൊച്ചി: ലൈഫ് പദ്ധതി പ്രകാരം തോപ്പുംപടി മുണ്ടംവേലിയില്‍ പുനരധിവസിപ്പിച്ച 77 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനായി ബിപിഎല്‍ പ്രകാരമുള്ള ഇളവുകള്‍ പരിഗണിക്കാന്‍ മന്ത്രി പി. പ്രസാദ് ജല അഥോറിറ്റിക്കു നിര്‍ദേശം നല്കി. കരുതലും കൈത്താങ്ങും കൊച്ചി താലൂക്ക് അദാലത്തിലാണ് വിഷയം പരിഗണിച്ചത്.
49 വര്‍ഷമായി കടവന്ത്ര പേരണ്ടൂര്‍ കനാലിനരികില്‍ പിആന്‍ഡ്ടി കോളനിയില്‍ താമസിച്ചിരുന്ന കുടുംബങ്ങളാണു പരാതിയുമായി അദാലത്തില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഇവരെ മുണ്ടംവേലിയില്‍ പുനരധിവസിപ്പിച്ചത്. പിആന്‍ഡ്ടി കോളനിയില്‍ താമസിച്ചിരുന്നപ്പോള്‍ പൊതു പൈപ്പിലെ വെള്ളമായിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇതിനു ബില്ല് ഉണ്ടായിരുന്നില്ല.
എന്നാല്‍, മുണ്ടംവേലിയിലേക്കു താമസം മാറിയതോടെ വലിയ തോതിലുള്ള വാട്ടര്‍ ബില്‍ വന്നു തുടങ്ങി. ബിപിഎല്‍ കുടുംബങ്ങളായ ഇവര്‍ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ തുക. രോഗികള്‍ ഉള്‍പ്പെടെയുള്ള മിക്ക വീടുകളിലും കുടിവെള്ളം മുടങ്ങുന്ന അവസ്ഥയുണ്ടായിരുന്നു.
വ്യക്തിഗതമായി താമസിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഇളവ് സര്‍ക്കാര്‍ ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്കു നല്‍കാനാവില്ല എന്നായിരുന്നു ജല അഥോറിറ്റിയുടെ നിലപാട്. ഇതിനൊരു പരിഹാരത്തിനു വേണ്ടിയാണ് ഈ കുടുംബങ്ങള്‍ അദാലത്തിലെത്തിയത്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഇളവുകള്‍ തങ്ങള്‍ക്കും നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അടുത്ത യോഗത്തില്‍ പ്രശ്നങ്ങള്‍ പരിശോധിച്ച് തീര്‍പ്പാക്കി സാധ്യമായ സഹായങ്ങള്‍ ചെയ്യണമെന്ന് ജിസിഡിഎ സെക്രട്ടറിക്കും മന്ത്രി നിര്‍ദേശം നല്കി.
152 പരാതികളാണ് അദാലത്തില്‍ ആകെ ലഭിച്ചത്. ഇതില്‍ 119 പരാതികള്‍ തീര്‍പ്പാക്കി. മറ്റ് അപേക്ഷകളില്‍ തുടര്‍നടപടി നിര്‍ദേശിച്ച് വകുപ്പുകള്‍ക്ക് കൈമാറി. കെട്ടിട നമ്പറിടല്‍, പോക്കുവരവ്, മുന്‍ഗണനാ കാര്‍ഡ് നല്കല്, ഭൂമി സര്‍വേ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതല്‍ അപേക്ഷകള്‍. മന്ത്രിമാരായ പി. രാജീവും പി. പ്രസാദും പരാതികള്‍ കേട്ടു. മന്ത്രിമാര്‍ക്കൊപ്പം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സബ്കളക്ടര്‍ കെ. മീര, എസ്. അശ്വതി എന്നിവരും ഉണ്ടായിരുന്നു.