സഭയുടെ അസ്തിത്വം നല്ല കുടുംബങ്ങളാണ്: മോൺ. ജോസഫ് തടത്തില്‍
1489164
Sunday, December 22, 2024 6:55 AM IST
പാലാ: കുടുംബത്തിന്റെ ഭദ്രത നിലനില്‍ക്കുന്നത് അവിടുത്തെ സ്നേഹബന്ധത്തിന്റെയും കുടുംബാംഗങ്ങളോടുള്ള പരസ്പര ആദരവിന്റെയും അടിസ്ഥാനത്തിലാണെന്നും കുടുബാംഗങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയുടെ ആഴം കുറച്ചാല്‍ കുടുംബത്തിലെ സംപ്രീതിയും മനസമാധാനവും കൂടുമെന്നും രൂപത മുഖ്യവികാരി ജനറാള്‍ മോൺ. ജോസഫ് തടത്തിൽ. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സഭയുടെ അസ്തിത്വം തന്നെ നല്ല കുടുംബങ്ങളാണ്. അറിവും തിരിച്ചറിവുമുള്ള തലമുറയാണ് ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും ഏതൊരവസ്ഥയിലും ജീവിതത്തെ ദൈവത്തിലേക്ക് തിരിച്ചുവയ്ക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാ. ജോണ്സണ് പുള്ളീറ്റ്, ഫാ. ആല്വിന് ഏറ്റുമാനൂക്കാരന്‍, ഫാ. സ്കറിയ മേനാംപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ബൈബിള്‍ കണ്‍വന്‍ഷനില്‍ ഇന്ന്
ഉച്ചകഴിഞ്ഞ് 3.30ന് ജപമാല. നാലിന് വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. മോണ്‍. ജോസഫ് കണിയോടിക്കല്‍,ആര്‍ച്ച്പ്രീസ്റ്റ് ഫാ. അഗസ്റ്റിന് കൂട്ടിയാനിയില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ. ജോസഫ് നരിതൂക്കില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.