ആലുവ തുരത്ത് റെയിൽവേ നടപ്പാലം സാമൂഹ്യ വിരുദ്ധരുടെ താവളമായി
1489299
Monday, December 23, 2024 1:16 AM IST
ആലുവ: പെരിയാറിന് കുറുകെയുള്ള തുരുത്ത് റെയിൽവേ നടപ്പാലവും പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളമായതായി പരാതി.
ഇതിലേയുള്ള നടവഴിയായ ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് പിൻവശത്തെ വഴി കാടുപിടിച്ചതോടെയാണ് കാൽ നടക്കാർക്ക് ദുരിതമായത്.
\
റെയിൽവേ പാളങ്ങളോട് ചേർന്നുള്ള ഈ നടപ്പാലത്തിലൂടെയാണ് ആലുവ നഗരത്തിലേക്ക് വിദ്യാർഥികളടക്കമുള്ളവർ വന്ന് പോകുന്നത്. മുനിസിപ്പൽ റോഡ് അവസാനിക്കുന്നിടത്തുള്ള നടപ്പാലത്തിലേക്കുള്ള പ്രവേശന മാർഗം കാടുമൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. കാൽനടപ്പാത മാത്രമാണ് ഒരാൾ പൊക്കത്തിൽ വളർന്ന കാടിനു നടുവിലുള്ളത്. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രവുമായി. പരാതി പറഞ്ഞിട്ടും റെയിൽവേയോ, മുനിസിപ്പാലിറ്റിയോ കാടുവെട്ടി മാറ്റാൻ തയാറാവുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കാട് വെട്ടി തെളിച്ച് നടപ്പാലത്തിലേക്കുള്ള പ്രവേശന മാർഗം സുരക്ഷിതവും സഞ്ചാരയോഗ്യവുമാക്കണമെന്നും വൈദ്യുതി വിളക്ക് സ്ഥാപിക്കണമെന്നും തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.