നഗര വികസനം : സർക്കാർ വകുപ്പുകളെ പഴിചാരി ഹൈക്കോടതിക്ക് വിശദീകരണം
1489303
Monday, December 23, 2024 1:45 AM IST
മൂവാറ്റുപുഴ: നഗര വികസനവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളെ പഴിചാരി കേരള റോഡ് ഫണ്ട് ബോർഡ് ഹൈക്കോടതിക്ക് വിശദീകരണം നൽകി. നഗരവികസനം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പുനർനിർമാണം ഏകോപിപ്പിക്കുന്നതിനുള്ള അപാകതകൾ ചൂണ്ടിക്കാണിച്ച് മൂവാറ്റുപുഴ ഡെവലപ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി പദ്ധതിയുടെ നടത്തിപ്പുകാരായ കേരള റോഡ് ഫണ്ട് ബോർഡിന് കാര്യങ്ങൾ വിശദീകരിക്കാൻ നിർദേശിച്ച് അടിയന്തര നോട്ടീസ് അയച്ചിരുന്നു. കെആർഎഫ്ബി ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് നഗര വികസനം അനിശ്ചിതമായി വൈകാൻ കാരണമായതെന്ന് വിശദീകരിക്കുന്നു.
ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചിട്ടില്ലാത്തതും ബിഎസ്എൻഎൽ, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് സമയബന്ധിതമായി പൂർത്തിയാക്കാത്തത് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് കെആർഎഫ്ബി ആരോപിക്കുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട മുൻസിഫ് കോടതിയിൽ കേസുകൾ നിലവിലുള്ളതിനാൽ ആ പ്രദേശത്ത് ഭൂമി ഏറ്റെടുക്കുന്നതിൽ തടസങ്ങളുണ്ടെന്നും കെആർഎഫ്ബിയുടെ മറുപടിയിലുണ്ട്.
ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ലാൻഡ് അക്വേസിഷൻ തഹസിൽദാർ നഗര വികസനത്തിനുള്ള മുഴുവൻ ഭൂമികളും ഏറ്റെടുത്തു നൽകിയില്ലെന്നും തങ്ങൾക്ക് റോഡിന്റെ നിർമാണ ചുമതല മാത്രമേയുള്ളൂവെന്നും പുറന്പോക്ക് ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പ് റോഡ് ഡിവിഷനാണെന്നും പറയുന്നു. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപന ഇല്ലായ്മ മൂലം നഗര വികസന നിർമാണ പ്രവർത്തികൾ എന്ന് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ പറ്റില്ലെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ കെആർഎഫ്ബി അറിയിച്ചു.
വിഷയത്തിൽ വിശദമായ വാദം കേട്ട കോടതി ഹർജിക്കാരുടെ ഇടക്കാല ആവശ്യമായ ഒന്നര കിലോമീറ്റർ നഗര റോഡ് അടിയന്തരമായി റീ ടാർ ചെയ്യണമെന്നുള്ള ആവശ്യത്തിൽ കെആർഎഫ്ബിയുടെ നിലപാട് ആരാഞ്ഞു. തുടർന്ന് കേസ് അടുത്തതായി പരിഗണിക്കുന്ന ജനുവരി 13ന് മുന്പായി റീ ടാർ ചെയ്യുന്നതിന് തങ്ങൾ തയാറാണെന്ന് കെആർഎഫ്ബിയുടെ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു.
എംസി റോഡ് പൂർണമായും റീടാർ ചെയ്തിട്ട് ആറു വർഷത്തിന് മേലെയായെന്നും തിരക്കേറിയ സമയങ്ങളിൽ നഗരം നിശ്ചലമാകുന്ന അവസ്ഥ സ്കൂൾ വിദ്യാർഥികൾക്കും മറ്റ് യാത്രികർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ഹർജിക്കാർ ഫയൽ ചെയ്ത റിട്ട് പെറ്റീഷനിൽ ആരോപിച്ചിരുന്നു. താൽക്കാലിക കുഴിയടയ്ക്കൽ അല്ലാതെ 40 എംഎം ബിറ്റുമനസ് കോണ്ക്രീറ്റ് ഉപയോഗിച്ച് അടിയന്തരമായി റീ ടാർ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.