മണപ്പുറം കൊലപാതകം: പ്രതി പിടിയിൽ
1490455
Saturday, December 28, 2024 5:48 AM IST
ആലുവ: ശിവരാത്രി മണപ്പുറത്ത് ലഹരി വില്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി.
ആലുവ ഉളിയന്നൂർ കാട്ടുംപറമ്പിൽ അരുൺ ബാബുവിനെയാണ് (28) ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിന്തുടർന്ന് സാഹസികമായി പിടികൂടിയത്.
ആലുവയിലെ അനാഥാലയത്തിൽ വളർന്ന കോട്ടയം സ്വദേശി ജോസുട്ടി (23)യാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടിന് കൊല്ലപ്പെട്ടത്. ലഹരിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം പ്രതി മറ്റൊരാളുടെ ബൈക്കിൽ കയറി നെടുമ്പാശേരി വഴി മാണിക്കമംഗലത്തെ ബന്ധുവീട്ടിലെത്തിയെങ്കിലും ബന്ധുക്കൾ സ്വീകരിച്ചില്ല.
അവിടെനിന്ന് തൊടുപുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തി രാത്രി താമസിച്ചു. പിറ്റേന്ന് വസ്ത്രം മാറി പാണംകുഴിയിലെത്തി. അവിടെയുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് പിന്തുടർന്നെത്തിയ പോലീസ് സാഹസികമായി പ്രതിയെ പിടികൂടിയത്.